ന്യൂഡല്‍ഹി: കൊവിഡ് 19 ഭേദമാക്കാന്‍ ആയുര്‍വേദ മരുന്നുമായി രംഗത്തെത്തിയ പതഞ്‌ജലിയോട് മരുന്നിന്‍റെ വിശദാംശങ്ങൾ നൽകാൻ ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടു. മരുന്നിന്‍റെ പരിശോധന കഴിയും വരെ പരസ്യം ചെയ്യുന്നത് നിർത്താനും ആവശ്യപ്പെട്ടു. വാര്‍ത്തകളില്‍ നിന്നാണ് കൊവിഡ് ചികിത്സയ്ക്കായി പതഞ്ജലി ആയുർവേദ ലിമിറ്റഡ് വികസിപ്പിച്ച മരുന്നിനെക്കുറിച്ച് മന്ത്രാലയത്തിന് വിവരം ലഭിച്ചത്.
മൂന്ന് മുതല്‍ ഏഴ് ദിവസം കൊണ്ട് നൂറുശതമാനവും കൊവിഡ് ഭേദമാവുമെന്നാണ് യോഗാ ഗുരു രാംദേവിന്‍റെ അവകാശവാദം. കൊറോണില്‍-സ്വാസരി എന്നാണ് മരുന്നിന്‍റെ പേര്. പതഞ്‌ജലി റിസര്‍ച്ച് സെന്‍ററും എന്‍ഐഎംഎസും സംയുക്തമായാണ് മരുന്ന് നിര്‍മിക്കുന്നത്. 280 രോഗികളില്‍ മരുന്ന് പരീക്ഷിക്കുകയും നൂറ് ശതമാനം വിജയം കണ്ടെത്തുകയും ചെയ്‌തെന്ന് ഗുരു രാംദേവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഒരാഴ്‌ച കൊണ്ട് നൂറുശതമാനം രോഗമുക്തി നേടാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.