മുംബൈ: രാഹുൽ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെ കോൺഗ്രസിൽ രാജി തുടരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് അനിശ്ചിതത്വം നിലനിൽക്കെ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷൻ മിലിന്ദ് ദിയോറ രാജിവച്ചു. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ദേശീയ തലത്തിൽ പ്രവർത്തിക്കാനാണ് രാജി എന്ന് അദ്ദേഹം പറഞ്ഞു.
ജൂൺ ഇരുപത്തിയാറിന് രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മിലിന്ദ് ദിയോറ രാജിവയ്ക്കാന്‍ തീരുമാനിച്ചത്. രാജിക്കാര്യം എഐസിസി ജനറൽ സെക്രട്ടറിമാരായ മല്ലികാർജുൻ ഖാർഗെയെയും കെ സി വേണുഗോപാലിനെയും അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മുംബൈ കോൺഗ്രസിനെ നയിക്കാൻ മൂന്നംഗ സമിതിയെ നിയമിക്കാൻ പാർട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മിലിന്ദ് ദിയോറ അറിയിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വർഷം ആദ്യമാണ് മുംബൈ കോൺഗ്രസിന്‍റെ പ്രസിഡന്‍റ് ആയി മിലിന്ദ് ദിയോറയെ നിയമിച്ചത്. തെരഞ്ഞെടുപ്പിൽ ദക്ഷിണ മുംബൈ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ശിവസേനയുടെ അരവിന്ദ് സാവന്തിനോട് ദിയോറ പരാജയപ്പെടുകയായിരുന്നു.