ന്യൂഡല്‍ഹി: അതിഥി തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, വഴിയോര കച്ചവടക്കാർ, കർഷകർ എന്നിവർക്കുള്ള പദ്ധതിയാണ് സ്വയം പര്യാപ്ത ഭാരതത്തിന്‍റെ രണ്ടാം ദിനത്തില്‍ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ഒൻപത് ഇന പരിപാടികളില്‍ കർഷകർക്കും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും പണ ലഭ്യത ഉറപ്പാക്കുന്ന തരത്തിലാണ് ഇന്നത്തെ പ്രഖ്യാപനങ്ങൾ ഉണ്ടായത്.
ഒരു ഇന്ത്യ- ഒരു കൂലി എന്നതിനൊപ്പം സമസ്ത മേഖലയിലും മിനിമം കൂലി ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്നും ധനമന്ത്രി പറഞ്ഞു. തൊഴിലാളികൾക്ക് വാർഷിക ആരോഗ്യ പരിശോധന നിർബന്ധമാക്കും, ജോലി സ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കും, സമസ്ത മേഖലയിലും സ്ത്രീകൾക്ക് തൊഴില്‍ സ്വാതന്ത്ര്യം, സ്ത്രീകൾക്ക് രാത്രി ജോലി ചെയ്യാനുള്ള അവകാശം എന്നിവയും പ്രഖ്യാപനത്തിലുണ്ട്. ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ ഉൾപ്പെടാത്തവരും സംസ്ഥാനങ്ങളില്‍ റേഷൻ കാർഡ് ഇല്ലാത്തവരുമായ എല്ലാ തൊഴിലാളികൾക്കും അഞ്ച് കിലോ ധാന്യവും ഒരു കിലോ പയർ വർഗങ്ങളും രണ്ട് മാസത്തേക്ക് സൗജന്യമായി നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിന്‍റെ മുഴുവൻ ചെലവും കേന്ദ്ര സർക്കാർ വഹിക്കും. സംസ്ഥാനങ്ങൾക്കാകും ഇതിന്‍റെ നടത്തിപ്പ് ചുമതല. സംസ്ഥാനങ്ങൾ ഗുണഭോക്താക്കളുടെ പട്ടികയുണ്ടാക്കി വിതരണം നടത്തണം. എട്ട് കോടി അതിഥി തൊഴിലാളികൾക്ക് ഇതിന്‍റെ ഗുണം ലഭിക്കും. അതിഥി തൊഴിലാളികൾക്കായി ന്യായമായ വാടകയില്‍ താമസ സൗകര്യമാണ് മറ്റൊരു പ്രഖ്യാപനം. പ്രധാനമന്ത്രി ആവാസ് യോജന വഴിയാകും ഇത് നടപ്പാക്കുക. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പാർപ്പിട സമുച്ചയങ്ങൾ നിർമിച്ച് താമസസൗകര്യമില്ലാത്തവർക്ക് മിതമായ നിരക്കില്‍ വാടകയ്ക്ക് നല്‍കാനാണ് തീരുമാനം.
മടങ്ങിയെത്തുന്ന തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി 10000 കോടി രൂപ തൊഴിലുറപ്പ് പദ്ധതി വഴി നല്‍കും. തോട്ടം, ഹോർട്ടികൾച്ചർ, കന്നുകാലി വളർത്തല്‍ മേഖലകളില്‍ കൂടി തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കും. മഴക്കാലത്ത് സാധ്യമായ മേഖലകളില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുമെന്ന് പറയുന്നത് കൂടുതല്‍ തൊഴില്‍ ദിനങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
2021 മാർച്ചില്‍ ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്നത് സാധ്യമാകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഒരു സംസ്ഥാനത്തെ റേഷൻ കാർഡ് എവിടെയും ഉപയോഗിക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. 67 കോടി കാർഡുകൾ ഓഗസ്റ്റില്‍ ഇതിന്‍റെ ഭാഗമാകുമെന്നും നിർമല സീതാരാമൻ പറഞ്ഞു. ഗോത്ര ആദിവാസി വിഭാഗങ്ങൾക്ക് തൊഴിലവസരങ്ങൾക്ക് സൃഷ്ടിക്കുന്നതിനായി ആറായിരം കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തോട്ടം മേഖലയിലും വനവത്കരണത്തിലും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ പഴയ നിർദ്ദേശം പരിഷ്ക്കരിച്ചാണ് പുതിയ പദ്ധതി. മാർച്ച് 31 മുതലുള്ള കാർഷിക കടങ്ങളുടെ തിരിച്ചടവ് മേയ് 31 വരെ നീട്ടിയത് കർഷകർക്ക് ആശ്വാസം പകരുന്നു.
മുദ്രാശിശു വായ്പകൾക്ക് ഒരു വർഷത്തേക്ക് രണ്ട് ശതമാനം പലിശ സബ്സിഡിയും ധനമന്ത്രി പ്രഖ്യാപിച്ചു. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പ്രയോജനം ലഭിക്കുന്ന തരത്തിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. വഴിയോരക്കച്ചവടക്കാർക്ക് 10000 രൂപ വരെ വായ്പ ലഭിക്കുന്നതിനും പ്രഖ്യാപനമുണ്ട്. 5000 കോടിയാണ് ഇതിനായി നീക്കിവെയ്ക്കുന്നത്. 50 ലക്ഷം വഴിയോര കച്ചവടക്കാർക്ക് ഇതിന്‍റെ ഗുണം ലഭിക്കും. അതോടൊപ്പം ഇടത്തരക്കാരെ ലക്ഷ്യമിട്ട് ലഘുഭവന വായ്പകൾക്കുള്ള പലിശ സബ്സിഡി നീട്ടിയിട്ടുണ്ട്. ഇടത്തരക്കാരെ സഹായിക്കുന്ന പ്രഖ്യാപനമായി കാണേണ്ടത് ആറ് മുതല്‍ 18 ലക്ഷം വാർഷിക വരുമാനമുള്ളവരുടെ ഭവന നിർമാണ സബ്‌സിഡിയുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടിയതാണ്. കൊവിഡ് കാലത്ത് സർക്കാർ വെറുതെ ഇരിക്കുകയായിരുന്നില്ലെന്ന് പറഞ്ഞാണ് ധനമന്ത്രി പ്രഖ്യാപനം തുടങ്ങിയത്. കൂടുതല്‍ പ്രവൃത്തി ദിനങ്ങൾ സൃഷ്ടിച്ചതും സ്വയം സഹായ സംഘങ്ങൾ വഴി സാനിറ്റൈസർ, മാസ്‌ക് ഉൾപ്പെടെ ഉള്ളവ നിർമിച്ചതും സർക്കാർ നേട്ടങ്ങളായി വിവരിച്ചു. എന്നാല്‍ കൊവിഡ് പ്രതിസന്ധിയില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്ന കർഷകർ, ചെറുകിട കച്ചവടക്കാർ, തെരുവ് കച്ചവടക്കാർ എന്നിവർക്ക് അടിയന്തര സഹായം എന്ന നിലയിലുള്ള പ്രഖ്യാപനങ്ങൾ ഇന്നുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാകുമ്പോൾ കേന്ദ്ര സർക്കാരിന്‍റെ ഇടപെടലിലാണ് രാജ്യത്തിന്‍റെ പ്രതീക്ഷ.