ന്യൂഡൽഹി: വാഹന വായ്പകൾക്കായി മഹീന്ദ്ര ഫിനാൻസുമായി കൈക്കോർത്ത് മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ). കരാർ അനുസരിച്ച് മഹീന്ദ്ര ഫിനാൻസിൽ നിന്ന് ധനസഹായം ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് നിരവധി സാധ്യതകൾ ലഭ്യമാകുമെന്ന് എംഎസ്ഐ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയിലുടനീളം ധാരാളം ശൃംഖലകൾ ഉള്ള നോൺ-ബാങ്കിങ് ഫിനാൻസ് കമ്പനിയാണ് (എൻ.ബി.എഫ്.സി) മഹീന്ദ്ര ഫിനാൻസ്. റൂറൽ, സെമി-റൂറൽ, നോ-ഇൻകം ഉപയോക്താക്കൾക്ക് മുതൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പണം വായ്പ നൽകി വൈദഗ്ധ്യം പുലർത്തിയിട്ടുള്ളവരാണ് മഹീന്ദ്ര ഫിനാൻസ് എന്നും എം.എസ്.ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
മാരുതിയുടെ റീട്ടെയിൽ വിൽപനയുടെ മൂന്നിലൊന്ന് ഭാഗവും ഇന്ത്യയുടെ ഗ്രാമീണ മേഖലകളിൽ നിന്നാണ്. വിവിധ ഓഫറുകളായ ഇപ്പോൾ വാങ്ങുക-പിന്നീട് പണമടയ്ക്കുക, സ്റ്റെപ്പ് അപ്പ് ഇ.എം.ഐ, ബലൂൺ ഇ.എം.ഐ തുടങ്ങിയവയുടെ പ്രയോജനം ഉപയോക്താക്കൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എം.എസ്.ഐക്ക് രാജ്യത്തൊട്ടാകെ 3,086 ഷോറൂമുകളുടെ ഡീലർ ശൃംഖലയുണ്ട്. മഹീന്ദ്ര ഫിനാൻസിനും 1,450 ശാഖകളുണ്ട്. ഈ പങ്കാളിത്തം ഉപയോഗിച്ച് ശമ്പളക്കാർ, സ്വയംതൊഴിൽ ഉള്ളവർ, കൃഷിക്കാർ, ബിസിനസുകാർ എന്നി എല്ലാ വിഭാഗങ്ങളിലും ഉൾക്കൊള്ളുന്നവരെ കാറുകൾ വാങ്ങാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.