ഭുവനേശ്വര്‍: ഒഡിഷയില്‍ നാട്ടുകാര്‍ മാവോയിസ്റ്റിനെ കല്ലെറിഞ്ഞ് കൊന്നു. ആക്രമണത്തില്‍ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മൽകാൻഗിരി ജില്ലയിലെ ജന്തുരൈ ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിനിരയായ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്‌ച രാത്രി ഗ്രാമത്തിലെത്തിയ മാവോയിസ്റ്റുകൾ നാട്ടുകാരോട് റിപ്പബ്ലിക് ദിനം കരിദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്‌തു. ഗ്രാമവാസികൾ ഇത് എതിര്‍ക്കുകയും മാവോയിസ്റ്റുകളെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്‌തു.
എന്നാല്‍ മാവോയിസ്റ്റുകൾ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാനും നാട്ടുകാരെ ഭയപ്പെടുത്താനുമായി വെടിയുതിര്‍ത്തു. നാട്ടുകാര്‍ തങ്ങളുടെ പരമ്പരാഗത ആയുധങ്ങളായ അമ്പും വില്ലും ഉപയോഗിച്ചും കല്ലെറിഞ്ഞും മാവോയിസ്റ്റുകളെ ആക്രമിച്ചു. ആക്രമണത്തില്‍ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. സംസ്ഥാനത്ത് ആദ്യമായാണ് ആൾക്കൂട്ടം മാവോയിസ്റ്റുകളെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. അടുത്തിടെ ഗ്രാമത്തിലെ പല വികസന പരിപാടികൾക്കും മാവോയിസ്റ്റുകൾ തടസം നിന്നതായും പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം കൂടുതലാണെന്നും പ്രദേശവാസികൾ പറഞ്ഞു. മാവോയിസ്റ്റിന്‍റെ മൃതദേഹം ഗ്രാമവാസികൾ ഹന്തൽഗുഡയിലെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.