അഗർത്തല: ദലൈ ജില്ലയിൽ കന്നുകാലിയെ കടത്തിയെന്ന് ആരോപിച്ച് ഒരാളെ ആൾക്കൂട്ടം അടിച്ചുകൊലപ്പെടുത്തി. റൈഷ്യബരി പ്രദേശത്തെ ഗോത്രഗ്രാമത്തിൽ നിന്നുള്ള ജ്യോതി കുമാറാണ് പശുകടത്താരോപിച്ച് കൊലപാതകത്തിനിരയായത്.
ജൂലൈ രണ്ടിന് കള്ളനെ പിടികൂടിയതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രസ്‌തുത സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ മരണത്തോട് മല്ലടിക്കുന്ന ജ്യോതി കുമാറിനെയാണ് കണ്ടത്. മർദനമേറ്റ് അവശനിലയിലായിരുന്ന മുപ്പത്തിയാറുകാരനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
വീട്ടിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേക്ക് ജ്യോതി എന്തിന് വേണ്ടി പോയെന്നും എന്തുകൊണ്ട് ആളുകൾ ആക്രമിച്ചുവെന്നും അറിയില്ലെന്ന് ജ്യോതിയുടെ സഹേദരൻ ദയാകുമാർ പൊലീസിനോട് പറഞ്ഞു. യഥാർത്ഥ മരണകാരണം കണ്ടെത്തുന്നതിന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.