രാജ്യവും ഭരണഘടനയും സുരക്ഷിതമാകുന്നത് വരെ സത്യഗ്രഹം തുടരുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സി.ബി.ഐ നടപടിക്കെതിരെ ഞായറാഴ്ച രാത്രി എട്ടരയ്ക്ക് ആരംഭിച്ച സത്യഗ്രഹം ഇന്ന് രാവിലെയും തുടരുകയാണ്. മെട്രോചാനലിലെ സമരപന്തലിലാണ് സത്യഗ്രഹം നടക്കുന്നത്.
പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, ഒമര്‍ അബ്ദുള്ള, ചന്ദ്രബാബു നായിഡു, ശരത് പവാര്‍, അഖിലേഷ് യാദവ്, കമല്‍നാഥ്, അരവിന്ദ് കെജ് രിവാള്‍, ജിഗ്നേഷ് മേവാനി എന്നിവര്‍ ഫോണില്‍ പിന്തുണ അറിയിച്ചതായി മമത പറഞ്ഞു.
അതേസമയം സിബിഐ സംഘത്തെ തടഞ്ഞ കൊല്‍ക്കത്ത പൊലീസ് നടപടിക്കെതിരെ സിബിഐ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. രാവിലെ 10.30 ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേസ് ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചില്‍ പരാമര്‍ശിക്കും.
ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വേഷണം തടയാന്‍ കൊല്‍ക്കത്ത പൊലീസും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നുവെന്നാണ് സിബിഐയുടെ ആരോപണം .അതേസമയം സിബിഐ നടപടിക്ക് സംസ്ഥാന സര്‍ക്കാരിൻ്റെ സമ്മതം നിര്‍ബന്ധമല്ലെന്ന കോടതി വിധിയും സിബിഐ കോടതിയിൽ ചൂണ്ടിക്കാട്ടും.