മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണെന്നും സംസ്ഥാന സർക്കാരും രാഷ്ട്രീയ നേതാക്കളും പൊലീസിന്‍റെ പ്രവർത്തനത്തിൽ ഇടപെടില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത്. അർണബ് ഗോസ്വാമിയെ മുംബൈ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു. ഇത് പ്രതികാര നടപടിയല്ലെന്നും സേന എംപി വാദിച്ചു.
"മഹാരാഷ്ട്രയിൽ കൃത്യമായി നിയമങ്ങൾ പിന്തുടരുന്നുണ്ട്. ആർക്കെതിരെയും തെളിവുകൾ ഉണ്ടെങ്കിൽ പൊലീസിന് നടപടിയെടുക്കാൻ കഴിയും. ഉദ്ദവ് താക്കറെ സർക്കാർ രൂപീകരിച്ചതു മുതൽ പ്രതികാര നടപടികളിൽ ആർക്കെതിരെയും നടപടിയൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമെന്ന നിലയിൽ മുംബൈ പൊലീന്‍റെ നടപടി അടിയന്തരാവസ്ഥ കാലത്തേത് പോലെയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. അതേസമയം, പൊലീസ് ഇന്ന് വസതിയിലെത്തി തന്നെ അറസ്റ്റ് ചെയ്യുകയും തന്നെയും ഭാര്യയെയും മകനെയും മാതാപിതാക്കളെയും ശാരീരികമായി ആക്രമിക്കുകയും ചെയ്തതായി ഗോസ്വാമി ആരോപിച്ചു. ഗോസ്വാമിയെ അറസ്റ്റ് ചെയ്തതിനെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ അപലപിച്ചു.