മുംബൈ: കർഷക വിഷയത്തിൽ ദേശീയതലത്തിലെ പ്രമുഖരുടെ ട്വീറ്റുകൾ സംബന്ധിച്ച് അന്വേഷണം നടത്താൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയുടെ ഉത്തരവ്. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് രഹസ്യാന്വേഷണ വിഭാഗത്തിന് നിർദേശം നൽകിയതായി കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് അറിയിച്ചു. ദേശീയതലത്തിലെ പ്രമുഖരെ ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പ്രമുഖരുടെ ട്വീറ്റുകളിൽ ചില വാക്കുകൾ ആവർത്തിച്ച് വന്നതിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രക്യാപിച്ച് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ്, പോപ് ഗായികയും നടിയുമായ റിഹാന എന്നിവർ രംഗത്തെത്തിയപ്പോൾ സച്ചിൻ ടെൻഡുൽക്കർ, അക്ഷയ് കുമാർ, സുനിൽ ഷെട്ടി, ലത മങ്കേഷ്‌കർ തുടങ്ങി അനവധി പ്രമുഖർ ഇന്ത്യയുടെ ഐക്യം നിലനിർത്തണമെന്ന് ആഹ്വാനം ചെയ്‌ത് ട്വീറ്റുകൾ പങ്കുവെച്ചിരുന്നു.
പ്രമുഖർക്ക് താൽപ്പര്യമുണ്ടെങ്കിൽ രാജ്യത്തിനായി സംസാരിക്കാമെന്നും എന്നാൽ ഇവരെ ബിജെപി ഭീഷണിപ്പെടുത്തുന്നുണ്ടോ എന്നുള്ളതിൽ അന്വേഷണം അനിവാര്യമാണെന്നും സച്ചിൻ സാവന്ത് കൂട്ടിചേർത്തു.