പനാജി: രാജ്യത്ത് ലോക്ക് ഡൗൺ 15 ദിവസം കൂടി നീട്ടാൻ സാധ്യതയുണ്ടെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷമാണ് പ്രമോദ് സാവന്ദ് ഇക്കാര്യം അറിയിച്ചത്. സാമൂഹിക അകലം പോലെയുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് റെസ്റ്റോറന്‍റുകൾ മാളുകൾ ഭക്ഷണശാലകൾ ജിമ്മുകൾ എന്നിവ വീണ്ടും തുറക്കാനുള്ള ശ്രമത്തിലാണ് ഗോവ സർക്കാർ. ടൂറിസം മന്ത്രാലയത്തിന്‍റെ ഭാഗമായി നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. നിലവിലെ ലോക്ക് ഡൗൺ 15 ദിവസം കൂടി തുടരാനാണ് സാധ്യത. രാജ്യത്ത് കൊവിഡ് കേസുകൾ അനിയന്ത്രിതമായി വർധിക്കുകയാണ്. ഈ സാഹചര്യം മറികടക്കാൻ ലോക്ക് ഡൗൺ നീട്ടുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. റെസ്റ്റോറന്‍റുകൾ, മാളുകൾ, ഭക്ഷണശാലകൾ, ജിമ്മുകൾ എന്നിവ ഒഴികെയുള്ള മറ്റ് സ്ഥാപനങ്ങളെല്ലാം ഗോവയിൽ നേരത്തെ തന്നെ പുനരാരംഭിച്ചു. ഇപ്പോൾ ഇവയും തുറക്കാൻ സർക്കാർ തീരുമാനിച്ചു. ഇത് ഔദ്യോഗികമായി ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുമെന്നും മാർഗനിർദേശങ്ങൾ നാളെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രമോദ് സാവന്ദ് പറഞ്ഞു. ഗോവയിൽ 31 പേർ ചികിത്സയിൽ തുടരുകയാണ്.