ബെംഗളുരു: കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ലോക്ക് ഡൗണിലൂടെ സമയം ലഭിച്ചെന്ന് ആളുകൾ അഭിപ്രായപ്പെടുമ്പോഴും നവ വധുവരന്മാർക്കിടയിൽ വിവാഹ മോചനക്കേസുകൾ കൂടുന്നതായി റിപ്പോർട്ടുകൾ. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സാഹചര്യവും ദിവസങ്ങളോളം പുറത്ത് പോകാതെ വീടിനുള്ളിൽ കഴിയുന്ന അവസ്ഥയും നവ വധുവരന്മാരെ കൂടുതൽ സമ്മർദത്തിലാക്കുന്നുവെന്നും നിരാശയിലേക്ക് കൊണ്ടുപോകുന്നുവെന്നുമാണ് വിലയിരുത്തുന്നത്. ലോക്ക് ഡൗൺ മൂലം നവ ദമ്പതികൾക്ക് കൂടുതൽ സമയം ഒരുമിച്ച് ലഭിക്കുമെങ്കിലും മൊബൈൽ ഫോൺ പലപ്പോഴും ദമ്പതികൾക്കിടയിൽ വില്ലനായി കടന്നുവരുന്നുവെന്നാണ് റിപ്പോർട്ട്.
ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ ദമ്പതികൾക്കിടയിലുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഹബ്ലിയിൽ മാത്രമായി ഏകദേശം 15 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. ഈ കേസുകളിൽ ഭൂരിഭാഗവും വിദ്യാസമ്പന്നരും ജോലിയുമുള്ള നവ വധുവരന്മാരാണ് എന്നതാണ് മറ്റൊരു വസ്‌തുത. ഇത്തരത്തിലുള്ള കേസുകളിൽ ഒത്തുതീർപ്പുണ്ടാക്കി മടുത്തെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.