ഹൈദരാബാദ്: തെക്ക് കിഴക്കൻ ഏഷ്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രാദേശിക വ്യാപനവും അതിന്‍റെ അപകടസാധ്യതകളും ശ്രദ്ധാപൂർവ്വം വിലയിരുത്താൻ ലോകാരോഗ്യ സംഘടന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കൊവിഡ് 19 ഹോട്ട്-സ്പോട്ടുകളും ക്ലസ്റ്ററുകളും തിരിച്ചറിയുക, ക്വാറൻറൈൻ കോൺടാക്റ്റുകൾ എന്നിവ കണ്ടെത്തുക, ഐസൊലേഷൻ, ചികിത്സ എന്നിവയ്ക്കുള്ള സംവിധാനങ്ങൾ ഒരുക്കുക എന്നിവയാണ് വ്യാപനത്തെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള പോംവഴിയെന്ന് ലോകാരോഗ്യ സംഘടനയുടെ തെക്ക്-കിഴക്കൻ ഏഷ്യ റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിങ്ങ് പറഞ്ഞു.
പ്രദേശത്ത് 122,000 കേസുകളും നാലായിരത്തോളം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ജനുവരി 13ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത തായ്‌ലൻഡിൽ ശാരീരിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള നടപടികൾ സജ്ജീവമായി ആവിഷ്കരിച്ചതാണ് ലോകത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണം കുറയ്ക്കാൻ സഹായിച്ചതെന്നും സിങ്ങ് കൂട്ടിചേർത്തു.
വരും കാലഘട്ടത്തിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കാനും ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്താനും മറ്റ് രാജ്യങ്ങളെ പിന്തുണയ്ക്കാനുമുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.