പാറ്റ്‌ന: അരാരിയ ജില്ലയില്‍ എക്സൈസ് വകുപ്പും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 70 ലക്ഷം രൂപയുടെ മദ്യം പിടിച്ചെടുത്തു. ഏഴ് പേരെ അറസ്റ്റ് ചെയ്തു. ബംഗാളിൽ നിന്ന് അരാരിയ വഴി മുസാഫർപൂർ ഇന്നർ ബിഹാറിലേക്ക് പോവുകയായിരുന്ന രണ്ട് ട്രക്കുകളില്‍ നിന്ന് 648 കാർട്ടണ്‍ മദ്യമാണ് പിടിച്ചെടുത്തത്. രണ്ട് ട്രക്ക് ഡ്രൈവര്‍മാരെയും ഒരു ക്ലീനറെയും കാറില്‍ സംഭവ സ്ഥലത്തെത്തിയ മറ്റ് നാലു പേരെയും അറസ്റ്റ് ചെയ്‌തുവെന്നും അരാരിയ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്‌ഡിപിഒ) പുഷ്‌കർ കുമാർ പറഞ്ഞു.
കള്ളക്കടത്ത് ശൃംഖലയെ തകർക്കാൻ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2016 ഏപ്രിലിൽ ബിഹാറില്‍ മദ്യം നിരോധിച്ചിരുന്നു.