വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷൻ ജഗൻമോഹൻ റെഡ്ഡിയെ കഞ്ചാവ് ചെടിയെന്ന് വിശേഷിപ്പിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജന്മനാടായ കടപ്പ ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് ചന്ദ്രബാബു നായിഡു ജഗനെ പരിഹസിച്ചത്. തുളസിചെടികള്‍ പോലെ പരിപാവനരായ നിരവധി പേരുടെ ജന്മം കൊണ്ട് അനുഗ്രഹീതമാണ് കടപ്പയെന്ന് ചന്ദ്രബാബു നായിഡു പ്രസംഗത്തിനിടെ വ്യക്തമാക്കി. എന്നാൽതുളസി തോട്ടത്തില്‍ വളരുന്ന കഞ്ചാവ് ചെടിയാണ് ജഗന്‍മോഹന്‍ റെഡ്ഡിയെന്നായിരുന്നു ചന്ദ്രബാബു നായിഡു പറഞ്ഞത്.
കുറ്റകൃത്യങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറാണ് ജഗനെന്നും ആന്ധ്ര മുഖ്യമന്ത്രി കൂട്ടിച്ചേർക്കുകയും ചെയ്തു. 31 കേസുകളുള്ള ഒരേ ഒരു രാഷ്ട്രീയ നേതാവാണ് ജഗന്‍മോഹന്‍ റെഡ്ഡി. സംസ്ഥാനത്തിന്‍റെ ഏക പ്രശ്നം ജഗൻമോഹൻ ആണെന്നും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അദ്ദേഹത്തെ തൂത്തെറിയണമെന്നും ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.
ജഗൻ മോഹൻ റെഡ്ഡിയുടെഅമ്മാവന്‍ വൈ.എസ് വിവേകാനന്ദ റെഡ്ഡിയുടെ മരണവുമായി ബന്ധപ്പെട്ടും നായിഡു ജഗനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. സ്വന്തം അമ്മാവനെ കൊലചെയ്തവര്‍ എന്ത് ചെയ്യാനും മടിക്കില്ലെന്ന കാര്യം ജനങ്ങള്‍ ഓര്‍ക്കണമെന്നായിരുന്ന ജഗൻമോഹനെതിരെനായിഡു പറഞ്ഞത്. ഒരു കുറ്റാന്വേഷണ നോവലിനെക്കാള്‍ ട്വിസ്റ്റുകള്‍ വൈ.എസ് വിവേകാന്ദ റെഡ്ഡിയുടെ കൊലപാതക കേസിനുണ്ടെന്നും ജഗന്‍ അത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും നായിഡു ആരോപിച്ചു. ആന്ധ്രയില്‍ 25 ലോക്‌സഭ മണ്ഡലങ്ങളിലേക്കും 175 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 11നാണ് നടക്കുക.