കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒരു കൂട്ടം സൊമാറ്റോ ജീവനക്കാർ ഒഫീഷ്യൽ ടീഷർട്ട് കത്തിച്ച് പ്രതിഷേധിച്ചു. ഗൽവാനിൽ 20 ജവാന്മാർ കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു സെമാറ്റോ ജീവനക്കാരുടെ പ്രതികരണം. സൊമാറ്റോ ജോലി ഉപേക്ഷിച്ചെന്നും ആളുകൾ സൊമാറ്റോയിലൂടെ ഭക്ഷണത്തിന് ഓര്‍ഡര്‍ നൽകരുതെന്നും ബെഹാലയിലെ പ്രതിഷേധത്തിൽ ജീവനക്കാരൻ അഭിപ്രായപ്പെട്ടു.
ചൈനീസ് കമ്പനികൾ ഇന്ത്യയിൽ നിന്ന് ലാഭമുണ്ടാക്കി രാജ്യത്തെ ആക്രമിക്കുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ചൈന നമ്മുടെ ഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. ഇത് അനുവദിക്കാൻ കഴിയില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പട്ടിണി കിടക്കാൻ തയ്യാറാണ്. എന്നാൽ ചൈനയിൽ നിന്ന് നിക്ഷേപമുള്ള കമ്പനികളിൽ പ്രവർത്തിക്കില്ലെന്നും ഇവര്‍ പറഞ്ഞു. കൊവിഡിനെ തുടർന്ന് സൊമാറ്റോ 520 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.