ബെംഗ്ലൂരു: കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ദരാമയ്യ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു. കോൺഗ്രസ് നിയമസഭ കക്ഷി നേതൃസ്ഥാനവും ഒഴിഞ്ഞു. സോണിയ ഗാന്ധിക്ക് രാജിക്കത്ത് നൽകിയെന്ന് സിദ്ദരാമയ്യ അറിയിച്ചു. കർണാടക ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. എന്നാൽ പാർട്ടി രാജി അംഗീകരിച്ചിട്ടില്ല.
നിയമസഭ കക്ഷി നേതാവെന്ന നിലയിൽ ജനാധിപത്യത്തെ ബഹുമാനിക്കേണ്ടതുണ്ട്. അതിനാൽ കോൺഗ്രസ് നിയമസഭ കക്ഷി നേതൃസ്ഥാനവും പ്രതിപക്ഷ നേതൃസ്ഥാനവും രാജിവെയ്ക്കുന്നുവെന്നും, രാജി കത്ത് സോണിയ ഗാന്ധിക്ക് സമർപ്പിച്ചുവെന്നും സിദ്ദരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവും സ്ഥാനം രാജിവെച്ചു. കർണാടക നിയമസഭയിലെ 15 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി 12 സീറ്റിലും മികച്ച വിജയം നേടിയിരുന്നു. കോൺഗ്രസ് രണ്ട് സീറ്റില്‍ മാത്രം വിജയിച്ചപ്പോൾ ജെഡിഎസിന് ഒരു സീറ്റുപോലും നേടാനായില്ല.