ചെന്നൈ: ദലിത് കുടുംബത്തിൽ ജനിച്ച കൃഷ്ണമ്മാള്‍ ജഗന്നാഥൻ ഇന്ത്യയിലെ ഒരു പുരുഷാധിപത്യ സമൂഹത്തിൽ നിന്ന് സ്വാഭാവികമായി നേരിടേണ്ടിവരുന്ന എല്ലാ പ്രതിന്ധികളും നേരിട്ടുണ്ട്. എന്നാല്‍ ലിംഗസമത്വമുള്ള ഒരു സമൂഹത്തിനായി ശക്തമായ നിലപാടെടുത്തയാണ് ഈ തമിഴ്‌നാട്ടുകാരി. ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ അനുയായിയായ കൃഷ്‌ണമ്മാള്‍ തമിഴ്‌നാട്ടിലെ സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ സ്വരമുയര്‍ത്തി. സ്വന്തമായി ഭൂമിയില്ലാത്ത പാവങ്ങളുടെ ഉയര്‍ച്ചയായിരുന്നു കൃഷ്‌ണമ്മാളിന്‍റെ ലക്ഷ്യം.
ആദ്യകാല ജീവിതം
1926ല്‍ ഡിണ്ടിഗലിലെ ഭൂരഹിതരായ ദളിത് കുടുംബത്തിലാണ് കൃഷ്‌ണമ്മാള്‍ ജനിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ പിതാവിനെ നഷ്‌ടമായ കൃഷ്ണമ്മാള്‍ കഷ്ടതകൾ ഏറെ സഹിച്ചാണ് മധുരയിലെ അമേരിക്കന്‍ കോളജില്‍ നിന്നും ബിരുദം നേടിയത്.
സ്വാതന്ത്ര്യ സമരത്തിലേക്കും സാമൂഹിക പ്രവർത്തനങ്ങളിലേക്കും
ചെറുപ്പത്തില്‍ തന്നെ വിവേചനം, പട്ടിണി, അനീതി തുടങ്ങിയ എല്ലാറ്റിനെയും നേരിടേണ്ടി വന്ന കൃഷ്‌ണമ്മ പെട്ടെന്നുതന്നെ സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയായിരുന്നു. ഗര്‍ഭിണിയായ അമ്മ തനിക്ക് വേണ്ടി കഷ്‌ട്ടപെടുന്നത് കണ്ടത് കൃഷ്‌ണമ്മാളിനെ ഏറെ വേദനിപ്പിച്ചു. തുടര്‍ന്നാണ് സ്‌ത്രീകള്‍ക്ക് വേണ്ടി രംഗത്തിറങ്ങാന്‍ കൃഷ്‌ണമ്മാള്‍ തീരുമാനമെടുത്തത്.
വിദ്യാഭ്യാസത്തിന് ശേഷം ഗാന്ധിയന്‍ സര്‍വോദയ പ്രസ്ഥാനത്തില്‍ അംഗമായപ്പോഴാണ് മഹാത്മാ ഗാന്ധിയെ കൃഷ്‌ണമ്മാള്‍ കാണുന്നത്. അന്നാണ് പില്‍കാലത്ത് തന്‍റെ ഭര്‍ത്താവായ ശങ്കരലിംഗം ജഗന്നാഥനെ കാണുന്നത്. അദ്ദേഹവും ഒരു സാമൂഹിക പ്രവര്‍ത്തകനായിരുന്നു. പിന്നീട് നടന്ന നിസ്സഹരണ പ്രസ്ഥാനത്തിലും, നിയമ ലംഘന പ്രസ്ഥാനത്തിലും ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചു.
ഭൂവിതരണം
വിനോഭാ ഭാവേയുടെ ഗ്രാംദാന്‍ പ്രസ്ഥാനത്തിന്‍റെ ഭാഗമായതോടെയാണ് കൃഷ്‌ണമ്മാള്‍ ഭൂരഹിതരുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ തുടങ്ങിയത്. ഇന്നത്തെ തെലങ്കാനയിലുള്ള പോച്ചംപ്പള്ളി ഗ്രാമത്തിലെ ഭൂരഹിതര്‍ക്ക് ഭൂദാന്‍ പ്രസ്ഥാനത്തിലൂടെ 40 ഏക്കര്‍ ഭൂമിയാണ് കൃഷ്‌ണമ്മാളും ഭര്‍ത്താവ് ശങ്കരലിംഗം ജഗന്നാഥനും വിതരണം ചെയ്‌തത്.
തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ കീശ്വൻമനി ഗ്രാമത്തിൽ കൂലി തർക്കത്തിനിടെ 44 ദലിത് സ്ത്രീകളെയും കുട്ടികളെയും ജീവനോടെ ചുട്ടുകൊന്ന 1968 ലെ കൂട്ടക്കൊലയ്‌ക്കെതിരെ നടത്തിയ പ്രതിഷേധം കൃഷ്‌ണമ്മാളിന്‍റെ സ്വാധീനം ശക്തമാക്കി. കൃഷിക്കാര്‍ക്ക് ഭൂമിയില്‍ അവകാശം നേടിയെടുക്കുന്നതിനായി ലാഫ്‌തി എന്നൊരു പ്രസ്ഥാനവും കൃഷ്‌ണമ്മാളും ഭര്‍ത്താവും ചേര്‍ന്ന് ആരംഭിച്ചു. ഇതിലൂടെ 13,000 ആളുകള്‍ക്കായി 13000 എക്കര്‍ ഭൂമിയാണ് വിതരണം ചെയ്യപ്പെട്ടത്.
പുരസ്‌കാരങ്ങള്‍
സമൂഹത്തിന് വേണ്ടിയുള്ള മഹത്തായ സേവനങ്ങള്‍ കൃഷ്‌ണമ്മാളിനെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയാക്കി.
പത്മഭൂഷന്‍ - 2020
പത്മശ്രീ - 1989
സ്വാമി പ്രണവാനന്ദ സമാധാന പുരസ്‌കാരം - 1987
ജന്മലാല്‍ ബജാജ് പുരസ്‌കാരം
ഭഗവാന്‍ മഹാവീര്‍ പുരസ്‌കാരം 1996
സമ്മിറ്റ് ഫൗണ്ടേഷന്‍ പുരസ്‌കാരം ( സ്വിറ്റ്‌സര്‍ലന്‍ഡ്) 1999
94 വയസിന്‍റെ ക്ഷീണം ഇപ്പോഴും കൃഷ്‌ണമ്മാളിനെ ബാധിച്ചിട്ടില്ല. സമൂഹത്തിന്‍റെ താഴേക്കിടയിലുള്ളവരുടെ അവകാശങ്ങള്‍ക്കായി ഇപ്പോള്‍ പോരാട്ടം തുടരുകയാണവര്‍. 2019ലെ ചുഴലിക്കാറ്റില്‍ വീട് നഷ്‌ടമായ അയ്യായിരം വീട് വച്ച് നല്‍കിയ കൃഷ്‌ണമ്മാള്‍ നിലവില്‍ സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കാനുള്ള സമരത്തിലാണ്.