ബെംഗളൂരു: പാർട്ടിയിൽ നിന്നു രാജിവയ്ക്കുന്നതിനായി ബിജെപി 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി ജനതാദൾ (ജെഡിഎസ്) എംഎൽഎ കെ.ശ്രീനിവാസ ഗൗഡ രംഗത്ത്. ബിജെപി നേതാക്കളായ സി.എൻ.അശ്വത് നാരായണൻ, എസ്.ആർ.വിശ്വനാഥ്, സി.പി.യോഗേശ്വര എന്നിവർ വീട്ടിലെത്തി ജെഡിഎസിൽ നിന്നു രാജി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി 30 കോടി രൂപ വാഗ്ദാനം ചെയ്യുകയും 5 കോടി മുൻകൂറായി നൽകുകയും ചെയ്തു. എന്നാൽ താൻ പാർട്ടിയോട് കൂറുള്ളവനായിരിക്കുമെന്ന് പറഞ്ഞ് ബിജെപി നേതാക്കളെ മടക്കിയയക്കുകയായിരുന്നുവെന്നും ഗൗഡ പറഞ്ഞു.
തങ്ങളുടെ 18 എംഎൽഎമാരെ സ്വാധീനിക്കാനായി ബിജെപി അധ്യക്ഷൻ ബി.എസ്.യെദ്യൂരപ്പ 200 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കോൺഗ്രസ്–ജെഡിഎസ് സഖ്യം സർക്കാർ രൂപീകരിച്ചതു മുതൽ നിരവധി സംഭവവികാസങ്ങളാണ് കർണാടകയിൽ അരങ്ങേറുന്നത്. 224 അംഗ കർണാടക നിയമസഭയിൽ 104 സീറ്റുകളുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ജെഡിഎസിന് 34ഉം കോൺഗ്രസിന് 80ഉം അംഗങ്ങളാണ് ഉള്ളത്.