ന്യൂഡല്‍ഹി: ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൽ (ഐടിബിപി) നിന്നും കരസേനയില്‍ നിന്നുമുള്ള ഡോക്‌ടർമാരുടെയും നഴ്‌സുമാരുടെയും സേവനം ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തെഴുതി. തെക്കൻ ഡല്‍ഹിയില്‍ ആരംഭിക്കുന്ന 10,000 കിടക്കകളുള്ള കൊവിഡ് കെയര്‍ സെന്‍ററിലേക്ക് ഇവരുടെ സേവനം ആവശ്യപ്പെട്ടാണ് അരവിന്ദ് കെജ്‌രിവാൾ കത്തെഴുതിയത്.
ആത്മീയ സംഘടനയായ രാധ സ്വാമി സത്‌സംഘിന്‍റെ (ആർഎസ്‌എസ്ബി) കാമ്പസിൽ ഒരുക്കുന്ന കൊവിഡ് കെയര്‍ സെന്‍ററിന്‍റെ സജ്ജീകരണങ്ങൾ കാണാനും അമിത് ഷായെ കെജ്‌രിവാൾ ക്ഷണിച്ചു. ഡല്‍ഹി- ഹരിയാന അതിര്‍ത്തിക്കടുത്താണ് കൊവിഡ് കെയര്‍ സെന്‍റര്‍ ഒരുക്കുന്നത്. 1,700 അടി നീളവും 700 അടി വീതിയുമുള്ള കൊവിഡ് കേന്ദ്രത്തില്‍ 50 കിടക്കകൾ വീതമുള്ള 200 ക്ലസ്റ്ററുകൾ ഉണ്ടാകും. നഗരത്തിലെ തന്നെ ഏറ്റവും വലിയ താല്‍കാലിക കൊവിഡ് കെയര്‍ സെന്‍ററായിരിക്കും ഇത്. ജൂൺ അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.