ന്യൂഡല്‍ഹി: ഇന്ത്യയേയും പാകിസ്ഥാനേയും ബന്ധിപ്പിക്കുന്ന ചരിത്ര പ്രധാനമായ ഗുര്‍ദാസ്‌പൂര്‍-കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന്.
പാക് അധീനതയിലുള്ള പഞ്ചാബിലെ കർതാർപൂരിൽ ഗുരു നാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദർബാർ സാഹിബും അതിർത്തിയോട് ചേർന്ന് ഇന്ത്യയിലെ സിഖ് പുണ്യസ്ഥാനമായ ഗുരുദാസ്‌പൂരിലുള്ള ദേരാ ബാബാ നാനാക്ക് ഗുരുദ്വാരയും പരസ്‌പരം ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് കർതാർപൂർ ഇടനാഴി. 1522 ലാണ് ഗുരു നാനാക് ദേവ് കർതാർപൂർ സാഹിബ് സ്ഥാപികുന്നത്.
കര്‍താര്‍പൂര്‍ ഇടനാഴിയുടെ നാള്‍വഴികള്‍...
ഫെബ്രുവരി 1999: ഇന്ത്യയുടെ അന്നത്തെ പ്രധാന മന്ത്രിയായ അടൽ ബിഹാരി വാജ്‌പേയിയാണ് ഇന്ത്യയിലെയും പാകിസ്ഥാനിലെയും സിഖ് ആരാധനാ കേന്ദ്രങ്ങള്‍ ബന്ധിപ്പിക്കുന്ന തരത്തില്‍ ഇടനാഴി എന്ന ആശയം കൊണ്ടു വരുന്നത്. അതിന്‍റെ ഭാഗമായാണ് ലാഹോറിലേക്ക് ബസ് സര്‍വ്വീസ് ആരംഭിച്ചത്.
നവംബര്‍ 2018: പാകിസ്ഥാനിലേക്കുള്ള കര്‍താര്‍പൂര്‍ ഇടനാഴിക്ക് ഇന്ത്യ അനുമതി നല്‍കി. കര്‍താര്‍പൂര്‍ ഇടനാഴിക്ക് ഇന്ത്യയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പകിസ്ഥാനില്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാനും തറക്കല്ലിട്ടു.
നവംബര്‍ 2019: ഗുരു നാനാക്ക് ദേവിന്‍റെ 550-മത് ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് ദേരാ ബാബാ നാനാക്ക് ഇടനാഴി തുറക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു.
ഒക്ടോബര്‍ 24,2019: ഇടനാഴിയുമായി ബന്ധിപ്പെട്ട കരാര്‍ ഇന്ത്യ-പാകിസ്ഥാന്‍ ഒപ്പുവെച്ചു. തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈനായി യാത്ര റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തി.
നവംബര്‍ 1: ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് നവംബര്‍ 9,12 തീയതികളില്‍ സൗജന്യ യാത്ര അനുവദിച്ചതായി പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചു.