ബെംഗ്ലൂരു: ഫോനി ചുഴലിക്കാറ്റിന്‍റെ പശ്ചാതലത്തിൽ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ചീഫ് സെക്രട്ടറിക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ചീഫ് സെക്രട്ടറി ടിഎം വിജയ് ഭാസ്കറോട് പ്രശ്നങ്ങൾ നിരീക്ഷിക്കാനും വേണ്ട നടപടികൾ സ്വീകരിക്കുവാനും കുമാർസ്വാമി ആവശ്യപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പെരുമാറ്റ ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ മന്ത്രിമാർക്കും സ്ഥാനാർഥികൾക്കും പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കഴിയില്ല. സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പിന്‍റെ പശ്ചാതലത്തിലാണ് കുമാരസ്വാമിയുടെ നിർദ്ദേശം. കഴിഞ്ഞ മഴക്കാലത്തുണ്ടായ പ്രളയത്തിൽ സംസ്ഥാനത്ത് 161 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 808 കോടിയുടെ കൃഷിനാശം സംഭവിക്കുകയും ചെയ്തിരുന്നു.