ലക്‌നൗ: കൊടുംഭീകരൻ വികാസ് ദുബെ ഉൾപ്പെടെ കാൺപൂർ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട പ്രതികളുടെ ഫോട്ടോയും വിവരങ്ങളും കാൺപൂർ പൊലീസ് പുറത്ത് വിട്ടു. ദുബെയുടെ അടുത്ത സഹായി ജയ് ബാജ്‌പേയിയുടെ വസതിയിലും പൊലീസ് റെയ്ഡ് നടത്തി. കാൺപൂർ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ചൗബപൂർ പൊലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലാണെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് മോഹിത് അഗർവാൾ അറിയിച്ചു. യുപി പൊലീസിന്‍റെയും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്‍റെയും 40 ടീമുകൾ കേസിൽ പ്രവർത്തിക്കുന്നുണ്ടെന്ന് യുപി എ.ഡി.ജി പ്രശാന്ത് കുമാർ പറഞ്ഞു.
പൊലീസ് നടത്തിയ തിരച്ചിലിൽ വീട്ടിൽ നിന്ന് രണ്ട് കിലോ സ്ഫോടകവസ്തു, രാജ്യത്ത് നിർമിച്ച ആറ് പിസ്റ്റളുകൾ, 15 ക്രൂഡ് ബോംബുകൾ, 25 വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു. വികാസ് ദുബെയെ കണ്ടു പിടിക്കുന്നവർക്കുള്ള പ്രതിഫലം 2.5 ലക്ഷം രൂപയായി ഉയർത്തി. ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശത്തിനടുത്തുള്ള ഉണ്ണാവോ ടോൾ പ്ലാസയിലും ലഖിംപൂർ ജില്ലയിലും പൊലീസ് ദുബെയുടെ പോസ്റ്ററുകൾ പതിച്ചു. വികാസ് ദുബെയെ പിടികൂടാനുള്ള തെരച്ചിലിനിടെ നടന്ന വെടിവെപ്പില്‍ ഡിവൈഎസ്‌പി ദേവേന്ദ്ര മിശ്ര ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.