ന്യൂഡല്‍ഹി: നാല് പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ട് ചീഫ് ജസ്‌റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതിയുടെ പടിയിറങ്ങി. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യത്തെ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസെന്ന അപൂര്‍വ നേട്ടം കരസ്ഥമാക്കിയാണ് 2018ല്‍ രഞ്‌ജന്‍ ഗൊഗോയി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. പദവി ഒഴിയുമ്പോള്‍ 134 വര്‍ഷം നീണ്ടുനിന്ന അയോധ്യ തര്‍ക്കഭൂമി കേസില്‍ അന്തിമ വിധി പ്രഖ്യാപിച്ച ന്യായാധിപനെന്ന പട്ടവും ഈ 64 കാരന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ ഭാഗമാകുന്നു.
വിവാദങ്ങൾക്കും, വിമർശനങ്ങൾക്കും, ചരിത്രവിധികൾക്കുമൊടുവിലാണ് ഗൊഗോയിയുടെ പടിയിറക്കം. സുപ്രീംകോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണെന്നും ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്നും ആരോപണമുന്നയിച്ച് വാര്‍ത്താസമ്മേളനം നടത്തിയ നാല് മുതിർന്ന ജഡ്ജിമാരിൽ ഇദ്ദേഹവുമുണ്ടായിരുന്നു. പിന്നീട് ദീപക് മിശ്രയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്‍റെ പരമോന്നത പദവിയെത്തിയപ്പോഴും ചരിത്രനിമിഷങ്ങള്‍ക്ക് കോടതിമുറി വേദിയായി.
134 വര്‍ഷം നീണ്ടു നിന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷം അയോധ്യയിലെ തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുനല്‍കണമെന്ന വിധിയും, ചീഫ് ജസ്‌റ്റിസിന്‍റെ ഓഫീസ് വിവരാവകാശ നിയമത്തിന് കീഴിലാണെന്ന വിധിയും രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ റഫാല്‍ കേസ് പുനരന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് വിധിച്ച ഗൊഗോയ്, രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസ് തള്ളുകയും ചെയ്തു. ഒപ്പം അനുച്ഛേദം 370 റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികൾ, സിബിഐ തലപ്പത്തെ തർക്കം തുടങ്ങിയ ഗൗരമായ കേസുകളിൽ രഞ്ജൻ ഗൊഗോയിയുടെ നിലപാടുകൾ വലിയ ചർച്ചയായി. ഒടുവില്‍ ശബരിമല കേസിലും ഉത്തരവ് പറഞ്ഞതിന് ശേഷമാണ് രഞ്ജൻ ഗൊഗൊയ് പദവി ഒഴിയുന്നത്.
അതേസമയം ലൈംഗികാരോപണത്തില്‍പ്പെട്ട ആദ്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിയാണ് രഞ്ജന്‍ ഗൊഗോയ്. ഓഫീസിലെ ജോലിക്കാരിയായിരുന്ന സ്‌ത്രീയായിരുന്നു 40 വർഷത്തെ ന്യായാധിപ ജീവിതത്തിൽ കരി നിഴൽ വീഴ്ത്തി രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ രംഗത്തെത്തിയത്. എന്നാല്‍ പരാതി അന്വേഷിച്ച മൂന്നംഗ അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഗൊഗോയിയെ കുറ്റവിമുക്‌തനാക്കി.
എല്ലാറ്റിനുമൊടുവില്‍ സ്വദേശമായ അസാമിലെ ദിബ്രുഗറിലേക്ക് വിശ്രമജീവിതത്തിനായി പോകാന്‍ തയാറെടുക്കുകയാണ് രഞ്ജൻ ഗൊഗോയ്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ റിട്ടയർമെന്‍റിന് ശേഷവും ഗൊഗോയ്ക്കുള്ള ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ തുടരും. അതേസമയം പുതിയ ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്‌ഡെ നാളെ ചുമതലയേല്‍ക്കും. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയാണ് എസ് എ ബോബ്ഡെ. ബോംബെ ഹൈകോടതി ജഡ്ജിയും മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ബോബ്ഡെ 2013ലാണ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റത്.