ചണ്ഡിഗഡ്: പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് എസ് മുരളീധർ സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് രവിശങ്കർ ജായുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാ ചടങ്ങിനിടെ നിരവധി അഭിഭാഷകർ അദ്ദേഹത്തെ റോസാപ്പൂക്കള്‍ നല്‍കി സ്വീകരിച്ചു. ഡല്‍ഹിയുടെ നഷ്ടം പഞ്ചാബിന്‍റെ നേട്ടമാണെന്ന് മുതിർന്ന അഭിഭാഷകൻ പറഞ്ഞു.
ഡൽഹി ഹൈക്കോടതിയിൽ നിന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിൽ തനിക്ക് പരാതിയില്ലെന്നും ഇക്കാര്യത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്ക് വിശദീകരണം നൽകിയതായും ജസ്റ്റിസ് എസ് മുരളീധർ വ്യാഴാഴ്ച അറിയിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിലാണ് എസ് മുരളീധര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ചതിന് തൊട്ടു പിന്നാലെയാണ് ഇത് സംബന്ധിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് മുരളീധരിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നത്. ഇത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.വിദ്വേഷ പ്രസംഗത്തിന് കേസെടുക്കാത്തതിന് ഡൽഹി പൊലീസിനെ ജസ്റ്റിസ് എസ് മുരളീധരൻ രൂക്ഷമായി വിമർശിച്ചിരുന്നു.