ഹൈദരാബാദ്: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരെ പിരിച്ചു വിടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. മാധ്യമ സംഘടനകളാണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. മാധ്യമ സ്ഥാപനങ്ങള്‍ പിരിച്ചു വിടല്‍ നോട്ടീസ് നല്‍കുന്നത്, നിര്‍ബന്ധിത രാജി വെപ്പിക്കല്‍, വെയ്‌ജ് റിഡക്ഷന്‍, ശമ്പളമില്ലാതെ നിര്‍ബന്ധിത അവധി നല്‍കല്‍ എന്നീ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
നാഷണല്‍ എലയന്‍സ് ഓഫ് ജേര്‍ണലിസ്റ്റ്സ്,ഡല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്സ്,ബ്രിഹന്‍ മുംബൈ യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്സ് എന്നീ സംഘടനകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ലോക്ക് ഡൗണിനിടെ ആരെയും പിരിച്ചു വിടരുതെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം നിലനില്‍ക്കെയാണ് മാധ്യമസ്ഥാപനങ്ങളുടെ നടപടിയെന്ന് ഹര്‍ജിയില്‍ പറയുന്നു. 1947ലെ ഇന്‍ഡസ്‌ട്രിയല്‍ ഡിസ്‌പ്യൂട്‌സ് ആക്‌ടിന്‍റെയും, 1955 ലെ വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് ആന്‍റ് അതര്‍ ന്യൂസ് പേപ്പര്‍ എംപ്ലോയിസ് ആക്‌ടിന്‍റെയും ലംഘനമാണ് ഇത്തരം നടപടികളെന്ന് സംഘടനകള്‍ പറയുന്നു.