ജമ്മുകശ്മീര്‍: ജമ്മുകശ്മീരിലെ റമ്പാൻ ജില്ലയില്‍ ഭീകരരെ വധിച്ച സ്ഥലം ഡിജിപി ദില്‍ബാഗ് സിംഗ് സന്ദര്‍ശിച്ചു. അഞ്ച് മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഭീകരരെ വധിച്ച ശേഷം ഇവർ ബന്ദിയാക്കിയ യുവാവിനെ സൈന്യം രക്ഷപ്പെടുത്തിയത്. ഡിജിപ്പിക്കൊപ്പം മറ്റ് ഉദ്യോഗസ്ഥരും സന്ദർശനത്തിനെത്തി.
ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തെ വീടിന്‍റെ ഉടമസ്ഥന്‍ വിജയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം വിജയിയുടെ ധൈര്യത്തെയും പ്രകീർത്തിച്ചു. ഏറ്റുമുട്ടലില്‍ പങ്കെടുത്ത സുരക്ഷാ ഉദ്യോഗസ്ഥരുടെയും അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും സംയുക്ത സംഘത്തെയും ഡിജിപി അഭിസംബോധന ചെയ്തു.
റമ്പാനിലെ ബറ്റോട്ടില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്നു ഭീകരരെ വധിക്കുകയും ബന്ദിയാക്കിയ ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. രണ്ട് ആര്‍മി ഉദ്യോഗസ്ഥര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.