ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ അതിക്രൂരമായ കൂട്ടക്കൊല നടന്നിട്ട് ഇന്നേക്ക് 100 വര്‍ഷം. 1919 ഏപ്രില്‍ 13ന് കൂട്ടക്കൊല നടന്ന് 100 വര്‍ഷങ്ങള്‍ക്കിപ്പുറവും അന്ന് കൊല്ലപ്പെട്ടത് എത്രപേരായിരുന്നെന്ന കൃത്യമായ കണക്കില്ല. അന്നത്തെ ബ്രിട്ടീഷിന്ത്യ സര്‍ക്കാരിന്‍റെ കണക്ക് പ്രകാരം 379 പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ കണക്കില്‍ മരിച്ചവര്‍ ആയിരത്തിലധികം പേരാണ്.
1919 മാർച്ചിൽ ബ്രിട്ടീഷ് സര്‍ക്കാര്‍ റൗലറ്റ് ആക്റ്റ് എന്ന കരിനിയമം പാസ്സാക്കി. വാറന്‍റ് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ ആരെയും തുറങ്കിലടയ്ക്കാനും ഈ നിയമം സര്‍ക്കാരിന് അധികാരം നൽകി. ഇതിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടക്കുന്ന കാലം. നിരവധി സ്വാതന്ത്ര്യ സമര സേനാനികളെ പൊലീസ് വിചാരണ കൂടാതെ ജയിലിലടച്ചു. 1919 ഏപ്രിൽ 13, സിഖുകാരുടെ ബൈശാഖി ഉത്സവ ദിനമായിരുന്നു അന്ന്. പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ അമൃത്സറിനടുത്തുള്ള ജാലിയൻ വാലാബാഗ് മൈതാനത്ത് ഒരു പൊതുയോഗം സംഘടിപ്പിച്ചു. ആയിരക്കണക്കിനുപേര്‍ ജാലിയൻ വാലാബാഗിലെ മൈതാനിയിൽ തടിച്ചുകൂടി.
ഏഴേക്കറോളം വരുന്ന ജാലിയന്‍ വാലാബാഗ് മൈതാനിയ്ക്ക് അഞ്ച് പ്രവേശന കവാടങ്ങളുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് എപ്പോഴും തുറന്നിടുന്നത്. മൈതാനത്തിന് നടുക്കായി ഒരു പൊതുകിണറും ഉണ്ടായിരുന്നു. കലാപത്തെക്കുറിച്ച് സൂചനകിട്ടിയ ജനറൽ ഡയർ മേഖലയിലെ എല്ലാ പൊതുസമ്മേളനങ്ങളും നിരോധിച്ചിരുന്നു. ഇതിനിടെ ജാലിയൻ വാലാബാഗിൽ യോഗം ചേരുന്നതായി വിവരം ലഭിച്ച ജനറൽ ഡയർ തന്‍റെ ഗൂർഖാ റെജിമെന്‍റുമായി ജാലിയന്‍ വാലാബാഗിലെത്തി. യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിയുതിർക്കാൻ ഡയർ തന്‍റെ പട്ടാളക്കാരോട് ഉത്തരവിടുകയായിരുന്നു.
മൈതാനത്തിന് നടുവിലെ കിണറ്റില്‍ നിന്നുമാത്രം പുറത്തെടുത്തത് 120 മൃതദേഹങ്ങളായിരുന്നു. ജാലിയൻ വാലാബാഗ് നടന്ന് നൂറു വർഷം പിന്നിടുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്നോട്ട് വന്നു. എന്നാല്‍ ഖേദമല്ല, മാപ്പാണ് വേണ്ടതെന്നാണ് ഇന്ത്യയുടെ ആവശ്യം.