മഴവെള്ളം സംഭരണത്തിൽ ആഗോള സൂചികയിൽ ഏറ്റവും താഴെ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ആഗോള സൂചികയനുസരിച്ച് വെറും എട്ട് ശതമാനം മാത്രമാണ് ഇന്ത്യയിൽ മഴവെള്ളം സംഭരിക്കുന്നത്. എന്നാൽ പരിമിതി മനസിലാക്കാതെ ഭൂഗർഭ ജലം ഉപയോഗിക്കുന്നത് ഭൂഗർഭജലത്തിന്‍റെ കരുതൽ ശേഖരത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ആറ് ആഴ്ചകൾക്ക് മുമ്പാണ് മഴവെള്ള ശേഖരണത്തിനായി ജൽ ശക്തി അഭിയാൻ എന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ചത്.
സംസ്ഥാന സർക്കാരുകളുടെ പിന്തുണയിൽ 256 ജില്ലകളിലായി 1592 ബ്ലോക്കുകളിലായാണ് കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കിയത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഏഴ് സംസ്ഥാനങ്ങളിലായി മോദി സർക്കാർ 'അടൽ ഭുജൽ യോജന'ക്ക് തുടക്കമിട്ടത്. അതോടൊപ്പം എല്ലാ പ്രദേശങ്ങളിലെയും കുടിവെള്ളം സംരക്ഷിക്കുകയും ജനങ്ങൾക്ക് ആവശ്യമായ അളവിൽ ലഭ്യമാക്കുകയും ചെയ്യണമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പ്രാദേശിക സംഘടനകൾക്കായി മാർഗ്ഗനിർദ്ദേശങ്ങളും ക്രോഡീകരിച്ചിട്ടുണ്ട്.
ഹരിയാന, മഹാരാഷ്‌ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർ പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ 6000 കോടി ബജറ്റിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലോക ബാങ്കിൽ നിന്ന് ലഭിക്കുന്ന തുകയും കേന്ദ്ര സർക്കാരിന്‍റെ ധന സഹായവുമാണ് പദ്ധതിക്കായി വിനിയോഗിക്കുക. കൂടാതെ സംസ്ഥാന സർക്കാരുകളുടെ താൽപര്യവും തയ്യാറെടുപ്പുകൾക്കും അനുസരിച്ചാണ് പദ്ധതി അനുവദിക്കുകയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പഞ്ചാബ് സർക്കാർ കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പത്താൻകോട്ട്, മുക്തർ എന്നിവിടങ്ങളിലൊഴികെ ഭൂഗർഭ ജലം കുറവാണെന്നിരിക്കെ എന്തുകൊണ്ട് പഞ്ചാബിനെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് ചോദിക്കുന്നു.
പദ്ധതിക്കായി കൂടുതൽ പണം വകയിരുത്തിയാൽ മാത്രമേ കൂടുതൽ പ്രദേശങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളുവെന്നും ഭൂഗർഭ ജലത്തെ സംരക്ഷിക്കുക മാത്രമല്ല ജല സ്രോതസുകളെ നല്ല രീതിയിൽ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭൂഗർ ഭജലത്തിന്‍റെ 72 ശതമാനവും ഉപയോഗിച്ച് കഴിഞ്ഞെന്ന് 'വാട്ടർ മാൻ' എന്നറിയപ്പെടുന്ന രാജേന്ദ്ര സിംഗ് പറഞ്ഞു.
ഭൂഗർഭജലത്തിന്‍റെ ആളോഹരി ജല ലഭ്യത 6,042 ഘനമീറ്ററായിരുന്നത് ഇന്ന് കാൽഭാഗമായി കുറഞ്ഞു കഴിഞ്ഞു. ജലലഭ്യതയുടെ പ്രശ്നത്തെക്കുറിച്ചും പ്രശ്നപരിഹാരത്തെക്കുറിച്ച് ആളുകൾക്ക് അറിയാമെങ്കിലും ആരും പ്രാധാന്യം നൽകുന്നില്ലെന്നതാണ് യാഥാർഥ്യം. ജലലഭ്യത ഉറപ്പ് വരുത്തണമെന്ന കൺട്രോളർ ജനറലിന്‍റെ റിപ്പോർട്ട് നിലനിൽക്കെയാണ് ഈ പ്രശ്നത്തിന് പരിഹാരം കാണാതെ പോകുന്നത്. ഇതിനകം 160 ജില്ലകളിലെ കരുതൽ ശേഖരം ഉപ്പുവെള്ളമാവുകയും 230 ജില്ലകളിലെ ഭൂഗർഭ ജലത്തിനെ ഫ്ലൂറൈഡ് ബാധിക്കുകയും ചെയ്തു കഴിഞ്ഞു.
തെലങ്കാനയിൽ 'മിഷൻ കകാഥിയ', ആന്ധ്രയിൽ 'നീരു ചേട്ടു', രാജസ്ഥാനിൽ 'മുഖ്യമന്ത്രിയുടെ ജൽ സ്വാഭിമാൻ അഭിയാൻ', ഗുജറാത്തിൽ 'സുസലാം സുഫലാം യോജന' എന്നീ പദ്ധതികൾ ഭൂഗർഭജലത്തിന്‍റെ സംരക്ഷണത്തെ മുൻ നിർത്തി സംസ്ഥാന സർക്കാരുകൾ ആരംഭിച്ച സംരംഭങ്ങളാണ്. സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര സർക്കാരിന്‍റെയും കൂട്ടായ പ്രവർത്തനങ്ങളുണ്ടായാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കൂ. കേന്ദ്രത്തിന്‍റെ വിശകലനമനുസരിച്ച് ജലസേചനത്തിന് ഉപയോഗിക്കുന്ന ജലത്തിന്‍റെ ആവശ്യകതയും ലഭ്യതയും തമ്മിലുള്ള വ്യത്യാസം 43 ശതമാനമായി ഉയരുമെന്ന് ജൽ ജീവൻ മിഷൻ വ്യക്തമാക്കുന്നു. അഞ്ച് വർഷത്തിനുള്ളിൽ 14 കോടി ഗ്രാമീണ കുടുംബങ്ങൾക്ക് വെള്ളം നൽകാനുള്ള ചെലവ് 3,60,000 കോടി രൂപയാകുമെന്ന് കേന്ദ്രസർക്കാർ പറയുന്നു.
സമകാലിക ആവശ്യങ്ങൾക്കായി കേന്ദ്ര ജലാശയവും കേന്ദ്ര ഭൂഗർഭജല സംവിധാനവും പുനസംഘടിപ്പിക്കണമെന്ന് ഏകദേശം മൂന്നര വർഷം മുമ്പ് മിഹിർ ഷാ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഭൂഗർഭജലം അപ്രത്യക്ഷമാകുന്ന സാഹചര്യത്തിൽ കർഷകരോട് ഗവൺമെന്‍റ് എടുക്കുന്ന തീരുമാനങ്ങളോട് സഹകരിക്കണമെന്നും കർഷകർക്ക് മേൽനോട്ടവും മാർഗനിർദേശവും സാങ്കേതിക അറിവും നൽകേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി മോദി അഭ്യർഥിച്ചു.
ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, യുകെ എന്നീ രാജ്യങ്ങൾ ഭൂഗർഭജല ശേഖരം സംരക്ഷിക്കുന്നതിലും ദുരുപയോഗം തടയുന്നതിനുമായി നടപടികൾ ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തിലെ ജലാശയങ്ങൾ മലിനമാകാതിരിക്കാൻ മേൽനോട്ടം വഹിക്കേണ്ട ഉത്തരവാദിത്തം 12 ദശലക്ഷം വരുന്ന ജനങ്ങൾക്കുണ്ടെന്ന് ചൈന ഉറപ്പുവരുത്തുന്നു. മഴവെള്ളം പാഴാകാതിരിക്കാനായി പല രാജ്യങ്ങളും ദേശീയപാതകളുടെയും റോഡുകളുടെയും നിർമ്മാണത്തിൽ നൂതന പദ്ധതികൾ ആരംഭിച്ചു. ഭൂഗർഭജല ശേഖരണം മുന്‍സിപ്പാലിറ്റികൾ നിരീക്ഷിക്കണമെന്ന് കേന്ദ്രസർക്കാർ അഞ്ച് മാസം മുമ്പ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായി നടപ്പിലാക്കുകയാണെങ്കിൽ, 'അടൽ ഭുജൽ യോജന'യിലൂടെ ഭൂഗർഭ ജലം സംരക്ഷിക്കാനാകും.