ന്യൂഡല്‍ഹി: ഓസ്‌ട്രേലിയ, ന്യൂസിലാന്‍റ്, ഫിജി, പപ്പുവ, ന്യൂ ഗ്വിനിയ, പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചര്‍ച്ച നടത്തി. കൊവിഡ്-19 വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇതര രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നിന്‍റെ ഭാഗമായാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ചര്‍ച്ച.
നയതന്ത്ര നീക്കത്തിന്‍റെ അടുത്ത പടിയാണിത്. ഉദ്യോഗസ്ഥരുമായി നല്ല നിലയിലുള്ള ചര്‍ച്ചയാണ് നടന്നത്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍റ്, ഫിജി, പപ്പുവ, ന്യൂ ഗിനിയ, പസഫിക് ദ്വീപ് രാജ്യങ്ങളിലെ തങ്ങളുടെ ഹൈക്കമ്മീഷണർമാരുമായും അംബാസഡർമാരുമായും ചര്‍ച്ച നടത്തിയെന്നും ജയശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു.
അംഗോള, ജിബൂട്ടി, പരാഗ്വേ, ഗ്വാട്ടിമാല, സെന്‍റ് വിൻസെന്‍റ്, ഗ്രനേഡൈൻസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം ടെലിഫോണിലും സംസാരിച്ചു. 14 പസഫിക് രാഷ്ട്രങ്ങളുമായി അടുത്ത ബന്ധം നിലനിര്‍ത്താനാണ് ഇന്ത്യയുടെ ശ്രമം. ഇതിന്‍റെ ഭാഗമായി ഫോറം ഫോർ ഇന്ത്യ-പസഫിക് ഐസ്‌ലാന്‍റ് കോര്‍പ്പറേഷനും രൂപം നല്‍കിയിട്ടുണ്ട്.
ഫിജിയില്‍ 2015ലും ജയ്പൂരില്‍ 2016ലും പസഫിക്ക് രാഷ്ട്രങ്ങളിലെ നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. പസഫിക് ദ്വീപ് രാജ്യങ്ങൾക്ക് 12 ദശലക്ഷം യുഎസ് ഡോളറിന്‍റെ ഗ്രാന്‍റാണ് കഴിഞ്ഞ വര്‍ഷം മോദി പ്രഖ്യാപിച്ചത്. പസഫിക്ക് രാഷ്ട്രങ്ങളില്‍ ചൈനീസ് നാവിക സേനയുടെ പ്രകോപനങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യമാണ് ഇന്ത്യക്ക് പ്രധാനമായുമുള്ളത്.