ശ്രീനഗർ: ബരാമുള്ള പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-ത്വയ്‌ബ കമാൻഡർ സജ്ജദ് കൊല്ലപ്പെട്ടുവെന്ന് കശ്‌മീർ ഐജി വിജയ് കുമാർ. സുരക്ഷാ സേനയുടെയും പൊലീസിന്‍റെയും വലിയ നേട്ടമാണിതെന്നും വിജയ് കുമാർ പറഞ്ഞു. ഏറ്റുമുട്ടലിൽ ഇതുവരെ രണ്ട് തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്നും എ.കെ റൈഫിളും രണ്ട് തോക്കുകളും സ്ഥലത്ത് നിന്ന് കണ്ടെടുത്തുവെന്നും സിആർപിഎഫ് അറിയിച്ചു. മൂന്നാമത്തെ തീവ്രവാദിക്കായുള്ള അന്വേഷണം തുടരുകയാണ്.
രാവിലെ ജമ്മുകശ്‌മീരിലെ ബാരാമുള്ള ജില്ലയിലെ ക്രീരി പ്രദേശത്ത് സുരക്ഷാ സേനക്ക് നേരെ ലഷ്‌കർ-ഇ-ത്വയ്‌ബ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ഒരു പൊലീസുകാരനുമാണ് കൊല്ലപ്പെട്ടത്. സംയുക്ത നാക പാർട്ടിക്ക് നേരെ വെടിയുതിർത്തതിന് ശേഷം മൂന്ന് ഭീകരവാദികളും രക്ഷപ്പെടുകയായിരുന്നു.