ഛണ്ഡിഗഡ്: പഞ്ചാബില്‍ ആദ്യ കൊവിഡ്-19 സ്ഥിരീകരിച്ചതായി പഞ്ചാബിലെ ആരോഗ്യ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുരാഗ് അഗര്‍വാള്‍ അറിയിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ ഹോഷിപൂര്‍ സ്വദേശിക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇയാളെ അമൃത്‌സറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ സ്രവ സാമ്പിളുകളുടെ പ്രാഥമിക പരിശോധനയില്‍ തന്നെ ഇയാള്‍ക്ക് രോഗം ഉള്ളതായി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ സ്രവ സാമ്പിളുകൾ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്കും അയച്ചു.
ഇവിടെ നിന്നും ലഭിച്ച പരിശോധനാ ഫലവും പോസിറ്റീവായതിനെ തുടര്‍ന്നാണ് രോഗവിവരം പുറത്തുവിട്ടത്. എന്നാല്‍ ഇയാളുടെ കുട്ടിക്കും ഭാര്യക്കും വൈറസ് ബാധയില്ല. മാര്‍ച്ച് നാലിനാണ് ഇയാള്‍ ഇറ്റലിയില്‍ നിന്ന് പഞ്ചാബില്‍ എത്തിയതെന്നാണ് വിവരം. എയര്‍ ഇന്ത്യ വിമാനത്തില്‍ ഇറ്റലിയിലെ മിലനില്‍ നിന്നാണ് ഇയാള്‍ പഞ്ചാബില്‍ എത്തിയത്. അമൃത്‌സര്‍ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയ ഇയാള്‍ക്കൊപ്പം ബന്ധുക്കളായ രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു. ഇവരും നിലവില്‍ നിരീക്ഷണത്തിലാണ്. രോഗം ബാധിച്ച ആളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം പത്തായി. 58 പേരുടെ സാമ്പിളുകല്‍ നെഗറ്റീവാണ്. 1388 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. രാജ്യാന്ത്ര വിമാനത്താവളങ്ങളില്‍ 79,000 പേര്‍ നിരീക്ഷണത്തിലാണ്.