ഭോപ്പാല്‍: മധ്യപ്രദേശ് ഹണിട്രാപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിന്‍റെ തലവനെ വീണ്ടും മാറ്റി. സഞ്ജീവ് ഷാമിയെ തല്‍സ്ഥാനത്ത് നിന്നും നീക്കി സൈബര്‍ സെല്ലിലെ സ്‌പെഷ്യല്‍ ഡിജി പിയായ രാജേന്ദ്ര കുമാറിനെ അന്വേഷണചുമതല ഏല്‍പ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തില്‍ ഒമ്പത് ദിവസത്തിനിടെ രണ്ടാമത്തെ അഴിച്ചുപണിയാണ് നടത്തിയിരിക്കുന്നത്. രാജേന്ദ്ര കുമാറിനെ കൂടാതെ സൈബര്‍സെല്‍ എഡിജിപിയായ മിലിന്ദ് കണസ്‌കര്‍, ഇന്‍ഡോര്‍ എസ്പി രുചി വര്‍ധന്‍ മിശ്ര എന്നിവരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഉദ്യോഗസ്ഥരെ മാറ്റിയതിന് സര്‍ക്കാര്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. ഹണി ട്രാപ്പ് റാക്കറ്റിനെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേസന്വേഷണം നടത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്. സര്‍ക്കാര്‍ ആദ്യം അന്വേഷണ സംഘത്തിന്റെ തലവനായി നിയമിച്ച ശ്രീനിവാസ വര്‍മയെ കഴിഞ്ഞ ആഴ്ചയാണ് ചുമതലയില്‍ നിന്നും നീക്കിയത്. കേസ് സിബിഐക്ക് വിടണമെന്നാണ് പ്രതിപക്ഷമായ ബിജെപിയുടെ ആവശ്യം. എന്നാല്‍ കേസില്‍ പ്രതികളായ ചിലരെ രക്ഷപ്പെടുത്താനായാണ് ബിജെപി സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഇന്‍ഡോറില്‍ നിന്നും ഭോപ്പാലില്‍ നിന്നുമായി ഹണി ട്രാപ്പ് റാക്കറ്റ് നടത്തുകയായിരുന്ന അഞ്ച് സ്ത്രീകളും ഒരു പുരുഷനും അറസ്റ്റിലായതോടെയാണ് സംസ്ഥാനത്തെ ഞെട്ടിച്ച കേസ് പുറത്തുവരുന്നത്. ഇന്‍ഡോര്‍ കോര്‍പ്പറേഷനിലെ ഒരു എഞ്ചിനീയര്‍ പരാതിയുമായി എത്തിയതാണ് കേസില്‍ വഴിത്തിരിവായത്. സംസ്ഥാനത്തെ പല ഉന്നത ഉദ്യോഗസ്ഥരും നേതാക്കന്മാരും റാക്കറ്റിന്റെ ഇരയായിട്ടുണ്ടെന്നാണ് വിവരം.