ന്യൂഡൽഹി: ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പിന് കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ നടത്താൻ സഹായിക്കുന്നതിന്‍റെ ഭാഗമായി എല്ലാ വിമാന സര്‍വീസുകളിലും കാറ്റ്, ഈർപ്പം, താപനില എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇന്ത്യ കാലാവസ്ഥാ വകുപ്പിന് (ഐഎംഡി) നൽകുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ.
രാജ്യ വ്യാപകമായി ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ രാജ്യത്തെ എല്ലാ വിമനങ്ങളും താൽകാലികമായി സര്‍വീസുകൾ നിറുത്തി വെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കാലാവസ്ഥാ പ്രവചനങ്ങൾക്ക് അനിവാര്യമായ ഡാറ്റ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് ലഭ്യമല്ലെന്ന് എയർലൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് ആവശ്യപ്പെടുന്നതനുസരിച്ച് എല്ലാ വിമാന സര്‍വീസിനിടെയിലും പൈലറ്റുമാർ ഉയർന്ന തോതിലുള്ള കാറ്റും താപനിലയും റിപ്പോർട്ട് ചെയ്യുന്നതിനുള്ള പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു.
നിലവിലെ സ്ഥിതി കണക്കിലെടുത്ത്, വ്യോമയാന വ്യവസായത്തിനും കാർഷിക, മത്സ്യബന്ധന മേഖലയ്ക്കും കൃത്യമായ കാലാവസ്ഥാ പ്രവചനം നൽകാൻ ഐഎംഡി വകുപ്പിനെ സഹായിക്കാൻ ഒരു പടി മുന്നോട്ട് പോകാൻ തീരുമാനിച്ചതായി ഇൻഡിഗോയിലെ ഫ്ലൈറ്റ് ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്‍റ് ക്യാപ്റ്റൻ ആഷിം മിത്ര പറഞ്ഞു.
ഈ സംരംഭത്തിന്‍റെ ഭാഗമായി, ഓരോ വിമാന സര്‍വീസിനിടെയിലും പൈലറ്റുമാര്‍ വിവരങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നത് നിർബന്ധമാക്കിയിട്ടുണ്ടെന്നും രണ്ട് മണിക്കൂറിൽ ഓരോ ഫ്ലൈറ്റിന്‍റെയും നിരീക്ഷണങ്ങൾ ഐഎംഡി ആസ്ഥാനത്തേക്ക് പങ്കിടുന്നത് ഉറപ്പാക്കുമെന്നും അതിലൂടെ പങ്കിടുന്ന വിവരങ്ങൾ രാജ്യത്തിനായി ഉപയോഗിക്കാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് കഴിയുമെന്നും ആഷിം മിത്ര കൂട്ടിച്ചേർത്തു.
കൊവിഡ് വ്യാപനത്തെ ചെറുക്കുന്നതിന് രാജ്യം 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യപിച്ചത് മുതൽ ഇന്ത്യയിലെ എല്ലാ ആഭ്യന്തര, അന്തർദ്ദേശീയ വാണിജ്യ യാത്രാ വിമാനങ്ങളും താൽകാലികമായി നിർത്തിവച്ചിരിക്കുന്നു.
എന്നിരുന്നാലും, കാർഗോ ഫ്ലൈറ്റ്, മെഡിക്കൽ ഇവാക്വേഷൻ ഫ്ലൈറ്റുകൾ, ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അനുവദിച്ചിട്ടുള്ള പ്രത്യേക ഫ്ലൈറ്റുകൾ എന്നിവ ലോക്ക് ഡൗൺ സമയത്ത് പ്രവർത്തിക്കുന്നുണ്ട്.