ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗവിമുക്തി നേടിയവര്‍ 58 ശതമാനമായി ഉയര്‍ന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. അഞ്ച് ലക്ഷം ലക്ഷം കേസുകളില്‍ മൂന്ന് ലക്ഷത്തോളം പേര്‍ ഇതുവരെ രോഗവിമുക്തി നേടിയെന്ന് ആരോഗ്യമന്ത്രി ഡോ ഹര്‍ഷ്‌വര്‍ധന്‍ വ്യക്തമാക്കി. ശേഷിക്കുന്നവരും വേഗം സുഖപ്രാപ്‌തി നേടി വീടുകളിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
രോഗം ബാധിച്ച 85 ശതമാനം രോഗികളും 8 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും വന്നവരാണ്. ഈ 8 സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കൊവിഡ് മൂലമുള്ള 87 ശതമാനം മരണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണനിരക്ക് നിലവില്‍ മൂന്ന് ശതമാനത്തിനടുത്താണെന്നും ഇത് വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ 19 ദിവസമെടുക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് കൊവിഡ് പരിശോധന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. ഇന്നലെ മാത്രം 2,30,000 പരിശോധനകളാണ് രാജ്യത്ത് തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ അംഗീകരിച്ച 1026 ലാബുകളിലാണ് പരിശോധന നടത്തിയത്. നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി ചെയര്‍മാനായി മന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 24 മണിക്കൂറിനിടെ രാജ്യത്ത് 18,552 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 384 പേര്‍ കൂടി മരിച്ചതോടെ മരണം പതിനാറായിരത്തിനടുത്തെത്തി. നിലവില്‍ 1,97,387 പേരാണ് ചികില്‍സയില്‍ തുടരുന്നത്. ഇതുവരെ 2,95,880 പേര്‍ രോഗവിമുക്തി നേടി.