ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്‌റ്റന്‍ റാണി രാംപാലിനെ ഖേല്‍രത്‌നയ്‌ക്ക് ശുപാര്‍ശ ചെയ്‌ത് ഹോക്കി ഇന്ത്യ. വന്ദന കഠാരിയ,മോണിക്ക,ഹര്‍മന്‍പ്രീത് സിങ് എന്നീ താരങ്ങളെ അര്‍ജുന അവാര്‍ഡിനും ഹോക്കി ഇന്ത്യ ശുപാര്‍ശ ചെയ്‌തിട്ടുണ്ട്. ആജീവാനന്ദ നേട്ടത്തിന് മേജര്‍ ധ്യാന്‍ ചന്ദിന്‍റെ പേരിലുള്ള അവാര്‍ഡിന് ആര്‍ പി സിങിനെയും തുഷാര്‍ ഖണ്ടേക്കറിനെയും ശുപാര്‍ശ ചെയ്‌തിട്ടുണ്ട്. ദ്രോണാചാര്യ അവാര്‍ഡിനായി കോച്ച് ബി ജെ കരിയപ്പയെയും റോമേഷ് പതാനിയയെും നാമനിര്‍ദേശം ചെയ്‌തിട്ടുണ്ട്.
2016 ജനുവരി 1 മുതല്‍ 2019 ഡിസംബര്‍ 31 വരെയുള്ള കാലഘട്ടത്തിലെ മികച്ച പ്രകടനം വിലയിരുത്തിയാണ് രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് നല്‍കുന്നത്. 2017ലെ വുമണ്‍ ഏഷ്യാ കപ്പിനെ നയിച്ചത് റാണി രാംപാല്‍ ആയിരുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ സില്‍വര്‍ ജേതാവും 2019 ലെ എഫ്ഐഎച്ച് മല്‍സരത്തിലും നേട്ടം സ്വന്തമാക്കി ടോക്കിയോ ഒളിംമ്പിക്സില്‍ പങ്കെടുക്കാനും വനിതാ ഹോക്കി ടീം യോഗ്യത നേടിയിരുന്നു. വേള്‍ഡ് ഗെംയിസ് അത്‌ലറ്റ് ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനാണ് റാണി. 2016ലെ അര്‍ജുന അവാര്‍ഡും 2020ലെ പദ്‌മശ്രീയും റാണിയെ തേടിയെത്തിയിട്ടുണ്ട്. വന്ദന കഠാരിയ,മോണിക്കയും ഹിരോഷിമയില്‍ നടന്ന എഫ്ഐഎച്ച് സീരിസിലും,ടോക്കിയോയില്‍ നടക്കേണ്ടിയിരുന്ന 2020 ഒളിംമ്പിക്‌സ് യോഗ്യാതാ മല്‍സരത്തിലും തിളക്കമാര്‍ന്ന പ്രകടനം കാഴ്‌ച വെച്ചിരുന്നു.
ഇന്ത്യന്‍ പുരുഷ ഹോക്കി ടീം താരം ഹര്‍മന്‍പ്രീത് സിങും അര്‍ജുന അവാര്‍ഡിന്‍റെ ഷോര്‍ട്‌ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. ഒഡിഷയില്‍ വെച്ച് നടന്ന എഫ്ഐഎച്ച് സീരിസ് ഫൈനലില്‍ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. മന്‍പ്രീത് സിങിന്‍റെ അഭാവത്തില്‍ 2020ലെ ഒളിംമ്പിക്‌സ് ടെസ്റ്റ് മല്‍സരത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത് ഹര്‍മന്‍പ്രീത് സിങായിരുന്നു. ദ്രോണാചാര്യ അവാര്‍ഡിന് ശുപാര്‍ശ ചെയ്യപ്പെട്ട കോച്ച് ബി ജെ കരിയപ്പ 2019ലെ സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പില്‍ ഇന്ത്യന്‍ ജൂനിയര്‍ പുരുഷ ടീമിനെ വെള്ളി മെഡല്‍ നേടാന്‍ പ്രാപ്‌തനാക്കി. ഖേല്‍രത്‌ന പുരസ്‌കാരം നേടിയ അവസാന ഹോക്കി താരം സര്‍ദാര്‍ സിങാണെന്നും വനിതാ ഹോക്കിയില്‍ തിളങ്ങിയ റാണി രാംപാല്‍ ഖേല്‍രത്‌ന അര്‍ഹിക്കുന്നുവെന്നും ഹോക്കി ഇന്ത്യ പ്രസിഡന്‍റ് മുഹമ്മദ് മുസ്‌താഖ് അഹമ്മദ് പറഞ്ഞു.