ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ തുടരുകയാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ). കൊവിഡ് വാക്‌സിന്‍റെ പരീക്ഷണം ഓക്‌സ്ഫോർഡ് സർവകലാശാല താൽകാലികമായി നിർത്തിവെച്ചുവെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനി അസ്ട്രാസെനെക അറിയിച്ചതിന് ശേഷമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രതികരണം. വാക്‌സിൻ പരീക്ഷിച്ച ഒരാൾക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടർന്നാണ് അസ്ട്രാസെനെക പരീക്ഷണം നിർത്തിവെച്ചത്.
ഇന്ത്യയിലെ കൊവിഡ് വാക്‌സിൻ ഉൽപാദനത്തിനും വിതരണത്തിനും എസ്‌ഐഐക്ക് അസ്ട്രാസെനെകയുമായി പങ്കാളിത്തമുണ്ട്. യുകെയിലെ പരീക്ഷണത്തെക്കുറിച്ച് അഭിപ്രായം പറയാൻ സാധിക്കില്ല. താൽകാലികമായി നിർത്തിവെച്ചിരിക്കുന്ന പരീക്ഷണം ഉടൻ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ ഒരു പ്രശ്‌നവും നേരിടുന്നില്ല. അതുകൊണ്ട് പരീക്ഷണം തുടരുമെന്നാണ് എസ്‌ഐഐ അറിയിച്ചത്. ഓക്‌സ്‌ഫോർഡ് സർവകലാശാലയും ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രസെനെകയും വികസിപ്പിച്ചെടുത്ത വാക്‌സിൻ പരീക്ഷണം മനുഷ്യരിൽ നടത്താൻ പൂനെ ആസ്ഥാനമായുള്ള എസ്‌ഐഐക്ക് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ കഴിഞ്ഞ മാസമാണ് അനുമതി നൽകിയത്.