ന്യൂഡല്‍ഹി: ഭീകരവാദ വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയുമായി സഹകരിക്കാമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ദിനേശ് ഗുണവർധന. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഗുണവര്‍ധന ഇന്ത്യയിലെത്തിയത്. ഭീകരവാദം ഇരു രാജ്യങ്ങളുടേയും പൊതുവായ പ്രശ്‌നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബയ രജപക്സെയുമായി ഈ വിഷയം ഇന്ത്യ ചര്‍ച്ച ചെയ്തിരുന്നു.
ഭീകരവാദ വിരുദ്ധ പോരാട്ടത്തിന് സാമ്പത്തിക സഹായം നല്‍കാമെന്ന് ഇന്ത്യ അറിയിച്ചതായും ഗുണവര്‍ധന പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദര്‍ശന വേളയിലായിരുന്നു പ്രഖ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ എത്തിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, നൈപുണ്യ വികസന മന്ത്രി മഹേന്ദ്ര നാഥ് പാണ്ടേ, തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്‌വർ, വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ എന്നിവരുമായും അദ്ദേഹം ചര്‍ച്ച നടത്തി. ശ്രീലങ്കയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ആദ്യമായാണ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്.