ന്യൂഡല്‍ഹി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക പുറത്തു വരാനിരിക്കെ അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നം ഇന്ത്യ ബംഗ്ലാദേശുമായി ചര്‍ച്ച ചെയ്യണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സികെ നായക്. 41 ലക്ഷത്തിലധികം പേരാണ് എന്‍ആര്‍സി പട്ടികയില്‍ നിന്നും പുറത്തായിട്ടുള്ളത്. ഇതൊരു മാനുഷിക പ്രശ്‌നമാണ്. ആ 41 ലക്ഷം പേര്‍ക്ക് എന്ത് സംഭവിക്കുമെന്നത് ആശങ്ക സൃഷ്ടിക്കുന്നു. കുടിയേറ്റക്കാര്‍ ബംഗ്ലാദേശില്‍ നിന്നും വന്ന ഹിന്ദുക്കളോ മുസ്ലീമുകളോ ആവാം. ഇവരെ തിരിച്ചയക്കാനുള്ള നടപടികളെക്കുറിച്ച് ഇന്ത്യ ബംഗ്ലാദേശുമായി കൂടിയാലോചന നടത്തണമെന്നും നായക് ആവശ്യപ്പെട്ടു.
വരുംദിവസങ്ങളില്‍ ഉണ്ടാനിടയുള്ള സുരക്ഷാപ്രശ്‌നങ്ങളിലും നായക് ആശങ്ക പ്രകടിപ്പിച്ചു. നിരവധി അനധികൃത കുടിയേറ്റക്കാര്‍ ജയിലുകളിലും ക്യാമ്പുകളിലും കഴിയുന്നുണ്ട്. ഇവരുടെ സഹായത്തോടെ പാകിസ്ഥാന്‍ ഇന്‍റര്‍ സര്‍വീസ് ഇന്‍റലിജന്‍സ് പ്രദേശത്തെ ക്രമസമാധാനം തകര്‍ക്കാനിടയുണ്ട്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സാന്നിധ്യമുറപ്പിച്ചിരിക്കുന്ന ഐഎസ്‌ഐക്ക് എപ്പോൾ വേണമെങ്കിലും മേഖലയില്‍ അസ്വസ്ഥത സൃഷ്‌ടിക്കാനുള്ള സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും നായക് കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ആഗസ്റ്റ് 31നാണ് ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക പുറത്തുവിടുക.