വിദേശത്തുള്ള വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കാന്‍ ഒരുങ്ങി “പി എം കെയേഴ്‌സ്” ഫണ്ട്.
ഒട്ടേറെ ജീവനുകള്‍ നഷ്ടപ്പെടുകയും സമ്പദ് വ്യവസ്ഥ തകിടം മറിയുകയും ചെയ്യുന്ന ആഗോള ആരോഗ്യ പ്രതിസന്ധിയുടെ സമയത്ത് വിദേശങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കാൻ ഇന്ത്യ സമ്മതം അറിയിച്ചതായി വിദേശ കാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
“കൊവിഡ്-19 ന് എതിരെയുള്ള സര്‍ക്കാരിൻ്റെ പോരാട്ടത്തെ പിന്തുണക്കുന്നതിനായി കൈയ്യയച്ച് സംഭാവന ചെയ്യാൻ വിദേശത്ത് നിന്ന് സാഹചര്യം ഒരുങ്ങുന്ന സാഹചര്യത്തിലാണ് പിഎം കെയേഴ്സ് ഫണ്ട് രൂപീകരിച്ചത്. കൊവിഡ് എന്ന മഹാമാരി നേരിടാൻ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും, ഇന്ത്യക്കകത്തും പുറത്തും നിന്ന് ഒരു പോലെ സംഭാവനകള്‍ നല്‍കാവുന്നതാണ്. മാര്‍ച്ച്-30 ന് വിവിധ ഇന്ത്യന്‍ സ്ഥാനപതിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചർച്ചയില്‍ പി എം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവനകള്‍ സ്വരൂപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിട്ടുണ്ട്.
2018-ല്‍ കേരളത്തില്‍ മഹാ പ്രളയം ഉണ്ടായപ്പോള്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ വേണ്ടെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു. പ്രത്യേകിച്ച് യുഎഇ യും ഖത്തറും വാഗ്ദാനം ചെയ്തപ്പോഴാണ് കേന്ദ്രം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ഇത് വലിയ രാഷ്ട്രീയ തർക്കത്തിന് ഇടയാക്കി. 2005-ല്‍ നിയന്ത്രണ രേഖക്കപ്പുറത്തും ഇപ്പുറത്തുമായി വന്‍ നാശനഷ്ടം വിതച്ചു കൊണ്ട് കശ്‌മീരിൽ ഭൂചലനം സംഭവിച്ചപ്പോള്‍ അന്നത്തെ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ വിദേശ സാമ്പത്തിക സഹായങ്ങള്‍ നിരസിച്ചിരുന്നു. ആ കാരണം പറഞ്ഞാണ് മോദി സര്‍ക്കാർ, പ്രളയത്തിനു ശേഷമുള്ള പുനര്‍ നിര്‍മ്മാണവും പുനരധിവാസവും നടത്തുന്നതിന് സഹായകരമാവുമായിരുന്ന വിദേശ സഹായം നിരസിച്ചത്.
2004-ല്‍ സുനാമി ഉണ്ടായപ്പോള്‍ അയല്‍ രാജ്യങ്ങൾക്ക് ആദ്യം സഹായം നല്‍കാൻ തയ്യാറായത് ഇന്ത്യ ആയിരുന്നു. അന്നാണ് പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുന്ന വേളകളില്‍ 'ദരിദ്ര രാജ്യം'' എന്ന വാലു മുറിച്ചു കളയുന്നതിനായി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായം സ്വീകരിക്കേണ്ട എന്ന നിലപാട് ഇന്ത്യ എടുത്തത്. അതുവരെ ഉണ്ടായിരുന്ന ഇന്ത്യയുടെ നിലപാടില്‍ നിന്നും വ്യത്യസ്തമായിരുന്നു അത്. അന്നത്തെ മന്‍ മോഹന്‍സിംഗ് സര്‍ക്കാര്‍ വിദേശ സംഭാവനകള്‍ വേണ്ടെന്ന് പറയുകയും അത് കൂടുതല്‍ നാശ നഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്ന രാജ്യങ്ങള്‍ക്ക് നല്‍കണമെന്ന് അഭിപ്രായപ്പെടുകയുമാണ് ചെയ്തത്.
പക്ഷെ ഈ മഹാമാരിയുടെ ബാഹുല്യം വളരെ നിര്‍ണ്ണായകമാണെന്നതിനാല്‍ തങ്ങളുടെ നിലവിലുള്ള നിലപാട് മാറ്റാൻ ഇന്ത്യ ഗവൺമെന്‍റ് സ്വീകരിക്കുകയായിരുന്നു. ആദ്യം സാർക്ക് രാജ്യങ്ങൾ വഴിയും പിന്നീട് ജി-20 ചര്‍ച്ചകളിലും വിദേശ സഹായം സംബന്ധിച്ച് ഇന്ത്യ വിശാലമായ നിലപാട് സ്വീകരിച്ചു. ലോകം അതി ഭീതിജനകമായ അന്തരീക്ഷത്തെ നേരിടുമ്പോൾ ഫ്രാന്‍സ്, ഖത്തര്‍, യു എ ഇ, അഫ്ഗാനിസ്ഥാന്‍, റഷ്യ, സൗദി അറേബ്യ, യു കെ, ഇസ്രായേല്‍ രാജ്യത്തലവൻമാരുമായും യൂറോപ്യന്‍ കമ്മീഷൻ പ്രസിഡന്‍റുമായും പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. വീഡിയോ കോൺഫറൻസിങ് വഴി നടന്ന ജി-20 ഉച്ചകോടിയില്‍ നടന്ന ഔദ്യോഗിക ചർച്ചകൾക്ക് പുറമെയാണ് നരേന്ദ്രമോദി മറ്റ് രാഷ്ട്രത്തലവൻമാരുമായി അനൗദ്യോഗിക ചർച്ചകൾ നടത്തിയത്. ഇതിന്‍റെ ഫലമായി സാർക്ക് അടിയന്തര കൊവിഡ് ഫണ്ട് ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണ്. പാകിസ്ഥാന്‍ ഒഴികെ മറ്റെല്ലാ അംഗരാജ്യങ്ങളും അതിലേക്ക് സംഭാവന നല്‍കി കഴിഞ്ഞു. സാർക്ക് രാജ്യങ്ങളുടെ ആരോഗ്യ ഡയറക്ടര്‍ ജനറല്‍മാരുടെ വീഡിയോ കോൺഫറൻസിങ് ഈ ആഴ്ച നടക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
അതേസമയം തന്നെ കോവിഡ്-19 നെതിരായ പ്രതിരോധത്തില്‍ ആഗോള തലത്തില്‍ ഏകോപനം സൃഷ്ടിക്കാൻ വിദേശ കാര്യമന്ത്രി ഡോ ജയശങ്കര്‍, യുഎസ്, ചൈന, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രിമാരുമായും യൂറോപ്യന്‍ യൂണിയനുമായും സംഭാഷണം നടത്തി. അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി പോംപിയോയുമായി നടത്തിയ സംഭാഷണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും വിസ അനുവദിക്കുന്ന കാര്യവും ജയശങ്കര്‍ ഉന്നയിച്ചിട്ടുണ്ട്. ന്യൂനപക്ഷമായ സിക്കുകാരെ ലക്ഷ്യം വെച്ച് കാബൂളിലെ ഗുരുദ്വാരയിലുണ്ടായ ഭീകരാക്രമണത്തെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ചൈനയുമായും ഇന്ത്യ ഇത്തരത്തില്‍ ശക്തമായ ബന്ധമാണ് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ളത്. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ മെഡിക്കല്‍ സംരക്ഷണ വസ്ത്രങ്ങൾ എത്തിക്കാനാണ് ബീജിങ്ങിലെ ഇന്ത്യൻ അംബാസിഡര്‍ വിക്രം മിസ്രി ശ്രമിക്കുന്നത്.“പി പി ഇ (പേഴ്‌സണല്‍ പ്രോട്ടക്റ്റീവ് എക്യുപ്‌മെന്‍റ്) കിറ്റുകള്‍, വെന്‍റിലേറ്ററുകള്‍, എന്‍-95, സര്‍ജിക്കല്‍ മാസ്‌കുകള്‍ എന്നിവയും ഇന്ത്യ ചൈനയില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
ഇന്ത്യയില്‍ നിലവിലുള്ള ആവശ്യം പൂര്‍ത്തീകരിക്കുവാന്‍ ഇന്ത്യൻ കമ്പനികളോട് തങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെങ്കിലും കിട്ടാവുന്നിടത്ത് നിന്നെല്ലാം ശേഖരിക്കുക എന്ന നയം തുടരാണ് ഇന്ത്യയുടെ തീരുമാനം. കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട വസ്തുതകള്‍ തിരിച്ചറിയുക, കൊവിഡിന് ചികിത്സ എത്രത്തോളം പുരോഗമിച്ചിരിക്കുന്നു എന്നറിയുക, ഈ വിഷയവുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ പരസ്പരം കൈമാറുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലെ നമ്മുടെ പ്രതിനിധികൾ ശ്രമം നടത്തുകയാണ്.
ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ് ലിഗ് ജമാഅത്ത് മര്‍ക്കസ് നടന്ന സമ്മേളനത്തില്‍ വിദേശ പൗരന്മാര്‍ പങ്കെടുത്ത സംഭവത്തില്‍ അതാത് രാജ്യങ്ങളുടെ എംബസികളെ വിവരം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും വിദേശകാര്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ കൊവിഡ് 19 പ്രതിരോധം ശക്തമാകുന്നതിടെ സംരക്ഷണ വസ്ത്രങ്ങള്‍ക്ക് കടുത്ത ദൗര്‍ലഭ്യം നേരിടുകയാണ്. ഈ സമയത്ത് സെര്‍ബിയയിലേക്ക് വൈദ്യ ശാസ്ത്ര ഉപകരണങ്ങളും സംരക്ഷണ വസ്ത്രങ്ങളും കയറ്റി അയച്ച സംഭവത്തില്‍ നിരോധിത പട്ടികയില്‍ പെട്ട ഒന്നും കയറ്റി അയച്ചിട്ടില്ല എന്നും അധികൃതരുടെ സമ്മതമുണ്ടെങ്കില്‍ ഓരോ കേസുകളുടേയും അടിസ്ഥാനത്തില്‍ നിയന്ത്രിക്കപ്പെട്ട വസ്തുക്കൾ കയറ്റി അയക്കാവുന്നതാണെന്നും വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇറാനില്‍ നിന്നും രോഗം ബാധിച്ച ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വന്നത്, ഇറാനില്‍ വെച്ചു തന്നെ പരിശോധനകള്‍ നടത്തിയ ശേഷമാണെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ ഒരു സംഘം കുറച്ച് കാലമായി അവിടെയുണ്ടെന്നും അധികൃതർ സ്ഥിരീകരിച്ചു.
മാര്‍ച്ച്-16 ന് വിദേശ കാര്യ മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി ദാമു രവിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്ന ഏകോപന സെല്‍ ഇപ്പോഴും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് കുടുങ്ങിയവരോ അല്ലെങ്കില്‍ രോഗം ബാധിച്ചവരോ ആയ ഇന്ത്യക്കാരുടെ ആശങ്കാഭരിതമായ ഫോണ്‍ വിളികള്‍ക്ക് മറുപടി നല്‍കി കൊണ്ടിരിക്കുന്നു. 75 ഓഫീസര്‍മാര്‍ അടങ്ങിയ ഈ സെല്‍ ഇതുവരെയായി 3300 ഫോണ്‍ കോളുകളും 2200 ഇ-മെയിലുകളും കൈകാര്യം ചെയ്യുകയും അതിനോട് പ്രതികരിക്കുകയും ചെയ്തിരിക്കുന്നു.
മഹാമാരിയുടെ വ്യാപനം മനസ്സിലാക്കുന്നതിനും പാലിക്കേണ്ട ഏറ്റവും മികച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഇന്ത്യന്‍ കാര്യാലയങ്ങളെ അറിയിക്കുന്നതിനും വേണ്ടി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വസ്തുതകള്‍ ഈ സെല്‍ ശേഖരിക്കുന്നുണ്ട്. വെല്ലുവിളികള്‍ നേരിടുന്ന വേളകളില്‍ എന്തു ചെയ്യണമെന്ന് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഇവര്‍ ഇന്ത്യന്‍ കാര്യാലയങ്ങള്‍ക്ക് നല്‍കുന്നു. അതുപോലെ ഇന്ത്യയില്‍ ഉള്ള ബാധിക്കപ്പെട്ട വിദേശ പൗരന്മാര്‍ക്ക് സഹായം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെടുന്ന ഒരു കേന്ദ്രമായും ഈ സെല്‍ പ്രവര്‍ത്തിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നായി ഇതുവരെ 2500 പൗരന്മാരെ ഇന്ത്യ ഒഴിപ്പിച്ച് കൊണ്ടു വന്നിട്ടുണ്ട്. വിവിധ വിമാന താവളങ്ങളിലായി യാത്രാമദ്ധ്യേ കുടുങ്ങി പോയത് 1600 ഇന്ത്യാക്കാരായിരുന്നു. അതുപോലെ ഏതാണ്ട് 10000 വിദേശ പൗരന്മാരെ തിരിച്ചയക്കുന്നതിന് വിദേശ രാജ്യ കാര്യാലയങ്ങളെ ഇന്ത്യ സഹായിക്കുകയും ചെയ്തിട്ടുണ്ട്.