കാഠ്‌മണ്ഡു: 71-ാമത് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്ക് ആശംസ നേർന്ന് നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി. നേപ്പാളിന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് ഇന്ത്യയെന്ന് വിശേഷിപ്പിച്ചാണ് ആശംസ. ഇന്ത്യക്കും ജനങ്ങൾക്കും ആശംസകൾ നേരുന്നതായും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയും നേപ്പാളും മഹത്തായ മതവും സംസ്കാരവും പാരമ്പര്യവും പങ്കുവയ്ക്കുന്നു. നേപ്പാളിന്‍റെ വികസന പങ്കാളി മാത്രമല്ല വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ഊർജം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ ഇരുവരും പങ്കാളികളാണെന്നും നേപ്പാൾ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കൃഷി, റെയിൽവേ, ജലഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലും ഉഭയകക്ഷി സഹകരണം ശക്തമാക്കിക്കൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. കാഠ്‌മണ്ഡുവിലെ ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിദ് ദിനം ആഘോഷിച്ചു. ചാർജ് ഡി അഫയേഴ്‌സ് അജയ് കുമാർ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. തുടർന്ന് പ്രസിഡന്‍റ് രാം നാഥ് കോവിന്ദിന്‍റെ സന്ദേശം വായിച്ചു.