മോസ്കോ: മൂന്നാം ലോക രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ കൂടുതല്‍ ഉത്തേജനം നല്‍കാൻ റഷ്യയെ സഹകരണത്തിന് ക്ഷണിച്ച് ഇന്ത്യ. മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തില്‍ ഇന്ത്യൻ സ്ഥാപനങ്ങളുമായി പങ്കാളികളാകാൻ ഒറിജിനൽ ഉപകരണ നിർമ്മാതാക്കളെ (ഒഇഎം) പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യ- റഷ്യ പ്രതിരോധ വ്യവസായ സഹകരണ സമ്മേളനത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പ്രതിരോധ മേഖലയില്‍ ഇന്ത്യക്കും റഷ്യക്കും സംയുക്തമായി ഉപകരണങ്ങൾ നിർമ്മിക്കാൻ സാധിക്കും. ഇത് മൂന്നാം രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിന് അവസരമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ 4ന് ഇന്ത്യയും റഷ്യയും തമ്മില്‍ ഒപ്പുവച്ച അന്തർ ഗവൺമെന്‍റ് കരാറില്‍ നിന്ന് ഇരു രാജ്യങ്ങൾക്കും പ്രചോദനം ഉൾക്കൊള്ളാൻ കഴിയുമെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.
അഞ്ച് വർഷത്തിൽ കുറയാത്ത കാലയളവിൽ പരസ്പരം തീരുമാനിച്ച വിലക്ക് സമ്മതിച്ച അളവില്‍ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഉത്തരവ് ഇന്ത്യ നൽകുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
ബിസിനസ്സ് എളുപ്പമാക്കുന്നതിന് ഇന്ത്യ കാര്യമായ സാമ്പത്തിക പരിഷ്കാരങ്ങൾ കൈക്കൊണ്ടതായും രാജ്യത്തുടനീളം ചരക്ക് സേവന നികുതി നടപ്പാക്കിയതായും സിംഗ് അഭിപ്രായപ്പെട്ടു. കൂടാതെ, രാജ്യം കോർപ്പറേറ്റ് നികുതി ഗണ്യമായി കുറയ്ക്കുകയും ഉത്തർപ്രദേശിലും തമിഴ്‌നാട്ടിലും രണ്ട് പ്രതിരോധ ഇടനാഴികൾ സ്ഥാപിക്കുകയും ചെയ്തതോടെ ഇന്ത്യ പ്രതിരോധ ഉത്പാദന മേഖലയ്ക്ക് പുതുവഴി ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
"പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രതിരോധ മേഖലയെയും ഉത്പ്പാദനത്തെയും വിദേശ പങ്കാളിത്തത്തിനായി വളരെയധികം തുറന്നിട്ടുണ്ട്. രാജ്യത്തുടനീളം ഒരൊറ്റ ചരക്ക് സേവന നികുതി ഞങ്ങൾ നടപ്പാക്കിയിട്ടുണ്ട്, ഇത് സ്വാതന്ത്ര്യാനന്തരം ഏറ്റവും വലിയ നികുതി പരിഷ്കരണമാണെന്നും," സിംഗ് പറഞ്ഞു.