ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാരുടെ ഡാറ്റകള്‍ സംരക്ഷിക്കാനാണ് ചൈനീസ് ആപ്പുകള്‍ നിരോധിച്ചതെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇതൊരു ഡിജിറ്റല്‍ സമരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബംഗാള്‍ ബിജെപി പ്രവര്‍ത്തകരുടെ വെര്‍ച്വല്‍ റാലി സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദഹത്തിന്‍റെ പ്രതികരണം. രാജ്യത്തിന്‍റെ ഐക്യത്തിനും പ്രതിരോധ സംവിധാനത്തിനും ദേശസുരക്ഷയ്‌ക്കും വെല്ലുവിളിയുയര്‍ത്തുവെന്ന് വ്യക്തമാക്കിയാണ് ആപ്പുകള്‍ നിരോധിച്ചത്. ടിക് ടോക്, ഷെയര്‍ ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, എക്‌സെന്‍റര്‍, ക്ലബ് ഫാക്‌ടറി തുടങ്ങി 59 ചൈനീസ് ആപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.
ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമായ ചില മൊബൈല്‍ ആപ്പുകള്‍ വഴി ഉപയോക്താക്കളുടെ ഡാറ്റ അനധികൃതമായി ഇന്ത്യക്ക് പുറത്തുള്ള സെര്‍വറുകളിലേക്ക് പോവുന്നതായി നിരന്തരം പരാതികള്‍ ലഭിച്ചിരുന്നതായി വിവര സാങ്കേതിക വകുപ്പിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു. എങ്കിലും സര്‍ക്കാര്‍ ഉത്തരവിനെതിരെ കമ്പനികള്‍ക്ക് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇത്തരം കമ്പനികളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ജോലി നഷ്‌ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. എങ്കിലും നിരോധനം നിലവില്‍ വന്ന കമ്പനിയിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ബദല്‍ ജോലികള്‍ നല്‍കണമെന്ന് നിയമത്തില്‍ വ്യവസ്ഥയില്ല.