ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് പാകിസ്ഥാനോട് മുന്നറിയിപ്പ് നൽകി സൗദി വിദേശകാര്യമന്ത്രി. പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയെ വിളിച്ച് സൗദി നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. പ്രശ്നപരിഹാരത്തിന് ഇടപെടാൻ തയ്യാറെന്നും സൗദി വ്യക്തമാക്കി.
അബുദാബിയിൽ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് പങ്കെടുക്കാനിരിക്കെയാണ് സൗദിയുടെ ഇടപെടൽ എന്നത് ശ്രദ്ധേയമാണ്. എഒസി ഇന്ത്യയെ വിശിഷ്ടാഥിയായി ക്ഷണിച്ചതിൽ പാകിസ്ഥാൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളും മിതത്വം പാലിക്കണമെന്ന് ചൈനീസ് സ്റ്റേറ്റ് കൗൺസിലർ വാങ് യി നിർദ്ദേശം നൽകി. സ്ഥിതിഗതികളിൽ ആശങ്കയുണ്ടെന്നും രണ്ട് രാജ്യങ്ങളുടേയും പരമാധികാരം ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സിആർപിഎഫ് സൈനികർക്ക് നേരെ നടന്ന ആക്രമണങ്ങൾ രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും. പാകിസ്ഥാൻ ഭീകരസംഘടനകളുടെ സുരക്ഷിത താവളം ആകരുതെന്നും അമേരിക്ക ആവർത്തിച്ചു. അതിർത്തിയിലെ സംഘർഷാവസ്ഥ കുറയ്ക്കാനുള്ള അടിയന്തര നടപടികൾ ഇരുരാജ്യങ്ങളും ഉടൻ എടുക്കണമെന്നും നേരിട്ടുള്ള ആശയവിനിമയം പുനസ്ഥാപിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.