ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി സുരക്ഷിതമാക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്ര സർക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ സോണിയ ഗാന്ധി. ലഡാക്ക് പ്രതിസന്ധിയിൽ പ്രധാനമന്ത്രി രാജ്യത്തിന് ആത്മവിശ്വാസം നൽകണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
ലഡാക്കിൽ ജീവൻ ബലിയർപ്പിച്ച കരസേനാംഗങ്ങളെ ആദരിക്കുന്നതിന് കോൺഗ്രസ് തുടക്കമിട്ട ക്യാമ്പയിനിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അവർ. പ്രധാനമന്ത്രിയുടെ വാദമനുസരിച്ച് ചൈന ഇന്ത്യൻ പ്രദേശം പിടിച്ചടക്കിയില്ലെങ്കിൽ പിന്നെന്തുകൊണ്ടാണ് ഭാരതത്തിന് 20 ജവാന്മാരെ നഷ്ടപ്പെട്ടതെന്ന് 'നമ്മുടെ ജവാന്മാർക്കുവേണ്ടി ശബ്ദമുയർത്തുക' എന്ന ക്യാമ്പയിനിൽ സോണിയ ചോദിച്ചു.
ഇന്ത്യൻ പ്രദേശത്ത് കടന്നുകയറ്റമില്ലെന്ന് പ്രധാനമന്ത്രി പറയുമ്പോൾ, ചൈനീസ് സൈനികരുടെ നുഴഞ്ഞുകയറ്റം ഉപഗ്രഹ ചിത്രങ്ങളിലൂടെ വിദഗ്ധർ സ്ഥിരീകരിക്കുന്നു. സൈന്യത്തിന് പൂർണ പിന്തുണയും ശക്തിയും പ്രദാനം ചെയ്താണ് യഥാർഥ ദേശസ്നേഹം പ്രകടിപ്പിക്കേണ്ടതെന്നും സോണിയ പറഞ്ഞു.