ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീംകോടതിയുടെ ഇടപെടലുണ്ടാകുന്നത് വരെ അനുസരിച്ചേ മതിയാകൂവെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് സല്‍മാൻ ഖുര്‍ഷിദ്. പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തെ സംസ്ഥാന സര്‍ക്കാരുകൾക്ക് നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീംകോടതി ഇടപ്പെട്ടില്ലെങ്കില്‍ അത് നിയമ പുസ്‌തകത്തില്‍ തുടരുക തന്നെ ചെയ്യും. ആ നിയമത്തെ അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അനുസരിച്ചില്ലെങ്കില്‍ അതിന്‍റെ പരിണിത ഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും സല്‍മാൻ ഖുര്‍ഷിദ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രവുമായി ഗുരുതരമായ അഭിപ്രായ വ്യത്യാസമുണ്ട്. അതിനാല്‍ നിയമത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടാകുന്നത് വരെ കാത്തിരിക്കാൻ തയ്യാറാകണം. അതുവരെ പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തെ അനുസരിച്ചേ മതിയാകൂ. വിഷയത്തില്‍ സുപ്രീംകോടതി അന്തിമ തീരുമാനമെടുക്കുമെന്നും സല്‍മാൻ ഖുര്‍ഷിദ് പറഞ്ഞു.