ലഖ്‌നൗ: കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ ഹത്രാസിൽ ബലാത്സംഗത്തിനിരയായി മരിച്ച യുവതിയുടെ കുടുംബാംഗങ്ങൾ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന് മുന്നിൽ ഹാജരായി. പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛനും അമ്മയും മൂന്ന് സഹോദരന്മാരും അടങ്ങുന്ന കുടുംബത്തെ കഴിഞ്ഞ ദിവസം ഹത്രാസിൽ നിന്ന് കർശന സുരക്ഷകളോടെ ലഖ്‌നൗവിലേക്ക് കൊണ്ടുവന്നിരുന്നു.
കോടതിയിലേക്ക് യാത്ര ചെയ്യാനുള്ള ക്രമീകരണം നടത്താനും കുടുംബാംഗങ്ങൾ കോടതിയിൽ എത്തുമെന്ന് ഉറപ്പാക്കാനും ഹൈക്കോടതി ജില്ലാ ജഡ്ജിയോട് നിർദേശിച്ചിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി, എഡിജി, ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരേയും കോടതിയിലേക്ക് വിളിപ്പിച്ചിരുന്നു. കേസ് അന്വേഷണത്തിന്‍റെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബർ 14നാണ് ഹത്രാസിൽ 19കാരിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. ഗുരുതരമായ ആക്രമണത്തിന് ഇരയായ പെൺകുട്ടി രണ്ടാഴ്ചയ്ക്ക് ശേഷം ഡൽഹി ആശുപത്രിയിൽ മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഒക്ടോബർ ഒന്നിന് ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ കോടതിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. സംഭവം വിശദീകരിക്കാൻ ഒക്ടോബർ 12ന് ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, അഡീഷണൽ പൊലീസ് ജനറൽ എന്നിവരെ ഹാജരാക്കാനും ജസ്റ്റിസ് രാജൻ റോയ്, ജസ്റ്റിസ് ജസ്പ്രീത് സിംഗ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു.