ലഖ്‌നൗ: ഹത്രാസ് കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട കേസിൽ അടുത്ത വാദം നവംബർ രണ്ടിന് നടക്കും. വാദം പുരോഗമിക്കുന്ന സാഹചര്യത്തിൽ സംഭവത്തിൽ അഭിപ്രായം പറയുന്നില്ലെന്ന് ഉത്തർപ്രദേശ് സർക്കാരിനെ പ്രതിനിധീകരിക്കുന്ന അഡീഷണൽ അഡ്വക്കേറ്റ് ജനറൽ വി.കെ ഷാഹി പറഞ്ഞു.
പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛനും അമ്മയും മൂന്ന് സഹോദരന്മാരും അടങ്ങുന്ന കുടുംബത്തെ കഴിഞ്ഞ ദിവസം ഹത്രാസിൽ നിന്ന് കർശന സുരക്ഷകളോടെ ലഖ്‌നൗവിലേക്ക് കൊണ്ടുവന്നിരുന്നു. കോടതിയിലേക്ക് യാത്ര ചെയ്യാനുള്ള ക്രമീകരണം നടത്താനും കുടുംബാംഗങ്ങൾ കോടതിയിൽ എത്തുമെന്ന് ഉറപ്പാക്കാനും ഹൈക്കോടതി ജില്ലാ ജഡ്ജിയോട് നിർദേശിച്ചിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി, എഡിജി, ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരേയും കോടതിയിലേക്ക് വിളിപ്പിച്ചിരുന്നു. കേസ് അന്വേഷണത്തിന്‍റെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബർ 14നാണ് ഹത്രാസിൽ 19കാരിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. ഗുരുതരമായ ആക്രമണത്തിന് ഇരയായ പെൺകുട്ടി രണ്ടാഴ്ചയ്ക്ക് ശേഷം ഡൽഹി ആശുപത്രിയിൽ മരിച്ചു.