മനുഷ്യന് അവന്റെ പെറ്റമ്മയെപ്പോലെ തന്നെ അമൂല്യമായ ഒന്നാണ് മാതൃഭാഷ. അമ്മയുടെ സാമീപ്യം ആഹ്ളാദം പകരുന്നത് പോലെ തന്നെയാണ് മാതൃഭാഷയിൽ എഴുതുമ്പോൾ കൈവരുന്ന സന്തോഷവും. മനസിലുള്ളത് സ്വന്തം ഭാഷയിൽ പ്രകടിപ്പിക്കുമ്പോഴുണ്ടാകുന്ന ആത്മസംതൃപ്‌തി അന്യഭാഷകൾക്ക് നൽകാനാവില്ല. മാതൃഭാഷയിലെഴുതി നൊബേൽ സമ്മാന ജേതാക്കളാകുന്നവരുടെ കൃതികൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. ഓൾഗ തൊകാർസുക് എന്ന പോളിഷ് എഴുത്തുകാരിയാണ് 2018ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയത്. 2019ലെ സാഹിത്യ നൊബേലും മാതൃഭാഷയിലെ അക്ഷരങ്ങളിൽ വിസ്മയം തീർത്ത പീറ്റർ ഹാൻകെയാണ് നേടിയത്, ഓസ്ട്രേലിയൻ ഭാഷയിലെഴുതിയ പുസ്തകത്തിന്.
വിക്ടോറിയ രാജ്ഞിയുടെ കാലത്തെ പ്രധാന എഴുത്തുകാരായ ചാൾസ് ഡിക്കൻസ് ,ജോർജ്ജ് എലിയറ്റ് ,ഷാർലെറ്റ് ബ്രോൺടെ, സാമുവൽ ബട്ലർ എന്നിവരുടെ രചനകൾ വിക്ടോറിയൻ സാഹിത്യം എന്ന പേരിലാണ് അറിയപ്പെടുന്നത്. അനുക്രമ രചന, ഗതകാല വികാര തീവ്ര സ്മരണകളുടെ പ്രതിഫലനം, സുഖമാത്ര പ്രയോജനാചാരവാദം തുടങ്ങിയ പ്രത്യേകതകൾ അക്കാലത്തെ രചനകളിൽ കാണാം. ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ നോവലിസ്റ്റുകൾ, തങ്ങളുടെ തൂലികകളാൽ സൃഷ്ടിച്ച അത്ഭുതങ്ങൾ, ആധുനിക സാഹിത്യ ലോകത്തിന്റെ വാതിലുകൾ വായനക്കാർക്ക് മുമ്പിൽ തുറന്നുകൊടുത്തു. കൊച്ചു കൊച്ചു വാക്കുകളിൽ വലിയ വലിയ അർഥങ്ങൾ നിറയ്ക്കുന്ന ചെറിയ നോവലുകളാണ് അവർ എഴുതിയിരുന്നത്. ഏണസ്റ്റ് ഹെമിങ് വേയുടെ നൊബേൽ നേടിയ 'കിഴവനും കടലും'(ഓൾഡ്മാൻ ആൻഡ് ദ സീ) ഇതിന്റെ മികച്ച ഉദാഹരണമാണ്. 125 പേജുകളിൽ ,ആധുനിക സാഹിത്യ പ്രസ്ഥാനത്തിന്റെ മാസ്റ്റർ പീസായി വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതിയിൽ, സാധാരണക്കാരായ മനുഷ്യരെയാണ് ഹെമിങ്‌വേ വരച്ചുകാട്ടിയത് .
മൂന്ന് മതങ്ങളെയും അഞ്ച് ഭാഷകളെയും ഏഴ് രാജ്യങ്ങളെയും താണ്ടിക്കടക്കുന്ന 'ദ ബുക്സ് ഓഫ് ജേക്കബ്' എന്ന ചരിത്രരചനയിലൂടെ പതിനെട്ടാം നൂറ്റാണ്ടിലെ പോളണ്ടിൽ നടന്ന ഫ്രാങ്കിസത്തിന് പുതിയ ഭാഷ്യം നൽകി രചയിതാവായ ഓൾഗ തൊകാർ സുക്. അവരുടെ തന്നെ ബീഗുനി എന്ന നോവൽ ഫ്ലൈറ്റ്സ് എന്ന പേരിൽ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു. 2018ലെ മാൻ ബുക്കർ പുരസ്ക്കാരം നേടിയത് ഈ കൃതിയാണ്. 2008 ൽ പോളണ്ടിലെ ഏറ്റവും മികച്ച കൃതിക്കുള്ള നൈക്ക് പുരസ്കാരവും ഓൾഗ നേടി.
സാഹിത്യത്തിലെ നൊബേൽ നേടുന്ന പതിനഞ്ചാമത്തെ വനിതയാണ് ഓൾഗ. എഴുത്തിന്റെ ലോകത്തേക്ക് ആഴത്തിലിറങ്ങിച്ചെല്ലാനായി അഭിഭാഷകവൃത്തി ഉപേക്ഷിച്ച പീറ്റർ ഹാൻകെ, എഴുതിയതെല്ലാം മാതൃഭാഷയായ ജർമൻ ഭാഷയിലാണ്. അമ്മയുടെ ആത്മഹത്യയും അത് പീറ്ററിൽ സൃഷ്ടിച്ച ആഘാതവുമാണ് അദ്ദേഹത്തിന്റെ വുൻക് 'ലോസസ് അൻഗ്ലക്' എന്ന പുസ്തകം പറയുന്നത്. തിരക്കഥാകൃത്ത് എന്ന നിലയിലും നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് പീറ്റർ ഹാൻകെ. സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരത്തിലൂടെ ഇതുവരെ അംഗീകരിക്കപ്പെട്ടത് 116 എഴുത്തുകാരാണ് .ഇവരിൽ 29 പേർ ഇംഗ്ലീഷ് ഭാഷയും മൂന്ന് പേർ മാതൃഭാഷയും ഇംഗ്ലീഷ് ഭാഷയും ഉപയോഗിച്ചു. നൊബേൽ നേടിയ ആദ്യ ഏഷ്യൻ വംശജൻ ഗീതാഞ്ജലിയുടെ കർത്താവായ രവീന്ദ്രനാഥ ടാഗോർ ആണ്. പിന്നീട് അദ്ദേഹം തന്നെ അത് ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തി .
കരീബിയയിലെ ഇരട്ട ദ്വീപുകളായ ട്രിനിഡാഡ് ആന്‍റ് ടൊബാഗോയിലെ ബ്രിട്ടീഷ് എഴുത്തുകാരനായ വിദ്യാധർ സൂരജ് പ്രസാദ് നെയ്പോൾ 2001 ൽ സാഹിത്യ രംഗത്തെ തന്റെ മികച്ച സംഭാവനകൾക്കുള്ള നൊബേൽ സ്വന്തമാക്കി. ഫ്രാൻസിലേയും ജർമനിയിലേയും എഴുത്തുകാർ 14 നൊബേൽ പുരസ്ക്കാരങ്ങൾ വീതം നേടിയിട്ടുണ്ട്. മാതൃഭാഷയിലെഴുതി നൊബേൽ നേടിയ 11 സ്പാനിഷ്, ഏഴ് സ്വീഡിഷ്, ആറ് ഇറ്റാലിയൻ, ആറ് റഷ്യൻ, അഞ്ച് പോളിഷ്, മൂന്ന് ഡാനിഷ്, മൂന്ന് നൈജീരിയൻ, രണ്ട് ചൈനീസ്, രണ്ട് ജാപ്പനീസ്, രണ്ട് ഗ്രീക്ക് എഴുത്തുകാരാൽ സമ്പുഷ്ടമാണ് ലോക സാഹിത്യരംഗം. ഇവരിൽ 16 ജേതാക്കളുമായി ഫ്രാൻസ് പ്രഥമസ്ഥാനത്തുണ്ട്. അമേരിക്ക പന്ത്രണ്ടും ബ്രിട്ടൺ പതിനൊന്നും ജർമനിയും സ്വീഡനും എട്ടു വീതവും പോളണ്ടും ഇറ്റലിയും സ്പെയിനും ആറു വീതവും അയർലന്‍റ് നാലും ഡെൻമാർക്കും നോർവേയും മൂന്ന് വീതവും പേരെ നൊബേൽ പുരസ്കാരത്തിന് അർഹരാക്കി. സാഹിത്യത്തിലെ നൊബേൽ നേടണമെങ്കിൽ ഇംഗ്ലീഷ് ഭാഷയിൽത്തന്നെ എഴുതണമെന്ന തെറ്റിദ്ധാരണ ഉള്ളവരാണ് ഭാരതീയർ. സൽമാൻ റഷ്ദി ,അരുന്ധതി റോയ്, കിരൺ ദേശായി, അരവിന്ദ് അഡിഗ തുടങ്ങിയവർ ഉദാഹരണങ്ങളാണ്.
ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാർ ബുക്കർ ജേതാക്കളാകാറുണ്ട് .പക്ഷേ, പ്രാദേശിക ഭാഷയിൽ രചിക്കപ്പെടുന്ന പുസ്തകങ്ങൾ പരിഭാഷ ചെയ്യപ്പെടാത്തതുമൂലം ആഗോളതലത്തിലെ മത്സരങ്ങൾക്കെത്താൻ കഴിയാതെ പോകുന്നു. പ്രാദേശിക ഭാഷയിൽ എഴുതിയിട്ടുള്ള ക്ലാസിക് സൃഷ്ടികൾ പോലും ഇംഗ്ലീഷ് ഭാഷയിൽ പരിഭാഷപ്പെടുത്തിയിട്ടില്ല. മികച്ച പരിഭാഷ നടത്തണമെങ്കിൽ എഴുത്തുകാരന് രണ്ട് ഭാഷകളെക്കുറിച്ചും ആഴത്തിലുള്ള പരിജ്ഞാനം അനിവാര്യമാണ്. ഇംഗ്ലീഷിലേക്ക് താൻ തന്നെ വിവർത്തനം ചെയ്ത ഗീതാഞ്ജലിയുടെ നിലവാര തകർച്ചയെക്കുറിച്ച് ടാഗോർ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. യൂറോപ്പിലേയും ആഫ്രിക്കയിലെയും എഴുത്തുകാരുടെ രചനകൾ വളരെ പെട്ടെന്ന് തന്നെ ഇംഗ്ലീഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടാറുണ്ട്. തെലുങ്ക് സംസ്ഥാനങ്ങളിൽ ഭാഷാ സർവകലാശാലകൾ ഉണ്ടായിട്ട് പോലും ഗുരജാദ അപ്പാറാവു രചിച്ച കന്യാശുൽക്കം എന്ന നാടകം, ഇംഗ്ലീഷ് അക്ഷരങ്ങളിൽ വായിക്കപ്പെടാൻ ഒരു നൂറ്റാണ്ട് കാലം കാത്തിരിക്കേണ്ടി വന്നു എന്നത് ഏറ്റവും ദു:ഖകരമായ വസ്തുതയാണ്.
ഇന്ത്യയിലെ വളരെ കുറച്ച് എഴുത്തുകാരേ രചനയെ ജീവിതചര്യയായിക്കാണുന്നുള്ളൂ. നമ്മുടെ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് എഴുത്ത് പരിശീലനം പഠനവിഷയമായി ഉൾപ്പെടുത്തിയിട്ടുമില്ല. സർക്കാരും സർവകലാശാലകളുമാണ് വളർന്നു വരുന്ന പ്രതിഭാധനരായ എഴുത്തുകാർക്ക് പ്രോത്സാഹനം നൽകേണ്ടത്. ആ ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചാൽ മാത്രമേ മികച്ച എഴുത്തുകാരും വിവർത്തകരും നമുക്കുണ്ടാകൂ.