ന്യൂഡല്‍ഹി: സർക്കാർ നിര്‍മിച്ചുകൊണ്ടിരിക്കുന്ന പുതിയ ഇന്ത്യയെ ഞങ്ങള്‍ക്ക് ആവശ്യമില്ല, പഴയ ഇന്ത്യയെ തങ്ങൾക്ക് തിരിച്ചു തരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ടം മുസ്ലിം യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ഗുലാം നബി ആസാദിന്‍റെ പരാമര്‍ശം. ‘നവ ഇന്ത്യ’യിൽ മനുഷ്യൻ മനുഷ്യനെ ശത്രുവായാണ് കാണുന്നത്. പഴയ ഇന്ത്യയിൽ ശത്രുതയും വിദ്വേഷവും വെറുപ്പും ആൾക്കൂട്ടക്കൊലയും ഉണ്ടായിരുന്നില്ല. എല്ലാ മതങ്ങളെയും തുല്യമായാണ് കണ്ടിരുന്നത്. ഹിന്ദുവും മുസ്ലീമും സിഖുകാരും ക്രിസ്ത്യാനികളും ഒന്നിച്ച് ജീവിച്ചിരുന്ന ആ പഴയ ഇന്ത്യയെ തിരിച്ച് നല്‍കൂ എന്ന് ആസാദ് രാജ്യസഭയില്‍ പറഞ്ഞു.
തബ്രീസ് അന്‍സാരി എന്ന യുവാവിനെയാണ് ജാർഖണ്ഡിൽ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ആള്‍ക്കൂട്ട കൊലപാതകത്തിന്‍റെയും ആക്രമണങ്ങളുടെയും കേന്ദ്രമായി ജാര്‍ഖണ്ഡ് മാറിയിരിക്കുകയാണെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.