അഗർത്തല: ത്രിപുരയിൽ 1,200 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. നോർത്ത് ത്രിപുര ജില്ലയിൽ നിന്നാണ് അന്തർസംസ്ഥാന മയക്കുമരുന്ന് റാക്കറ്റിൽ ഉൾപ്പെട്ട ബിഹാർ സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഉമേഷ് സിംഗ്, പാപ്പി റേ എന്നിവരാണ് പിടിയിലായത്.
ഓയിൽ ടാങ്കറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവിന് ഏകദേശം 1.2 കോടി രൂപ വിലവരുമെന്ന് നോർത്ത് ത്രിപുര പൊലീസ് സൂപ്രണ്ട് ഭാനുപാഡ ചക്രവർത്തി പറഞ്ഞു.
നാഗാലാൻഡ് രജിസ്ട്രേഷനിലുള്ള ഓയിൽ ടാങ്കറിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ത്രിപുര-അസം അതിർത്തിയിൽ നിന്ന് 20 കിലോഗ്രാം വീതമുള്ള 60 പാക്കറ്റുകളിലായി 1,200 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
അഗർത്തലയിൽ നിന്ന് ഗുവാഹത്തിയിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ചുരൈബാരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.